Health

പുരുഷന്മാര്‍ക്കും ഇനി ഗര്‍ഭനിരോധന ഗുളിക: ശുക്ലം ഉത്‌പാദിപ്പിക്കുന്നത്‌ തടയും, പരീക്ഷണം വിജയം

പുരുഷന്മാര്‍ക്കായുള്ള ഗര്‍ഭനിരോധന ഗുളികയുടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയം. ഹോര്‍മോണ്‍ രഹിത ഗുളികയുടെ ആദ്യ സുരക്ഷാ പരിശോധനയാണു പൂര്‍ത്തിയായത്‌. സ്‌ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന ഗുളിക വിപണിയിലെത്തിയിട്ട്‌ പതിറ്റാണ്ടുകളായി. എന്നാല്‍, പുരുഷന്മാര്‍ക്കുള്ള ഗുളിക പാര്‍ശ്വഫലങ്ങളെ തുടര്‍ന്നു വിജയം കണ്ടിരുന്നില്ല. ശുക്ലം ഉത്‌പാദിപ്പിക്കുന്നത്‌ തടയുകയാണു പുതിയ ഗുളിക ചെയ്യുക.

വൈ.സി.ടി 529 എന്നു പേരിട്ട ഗുളിക എലികളില്‍ പരീക്ഷിച്ചപ്പോള്‍ 99 ശതമാനമാണു വിജയം കണ്ടത്‌. വൃഷണങ്ങളില്‍ വിറ്റാമിന്‍ എ ലഭ്യത തടഞ്ഞുകൊണ്ടാണ്‌ ഗുളിക പ്രവര്‍ത്തിക്കുന്നത്‌, ടെസ്‌റ്റോസ്‌റ്റിറോണ്‍ അളവിനെ ബാധിക്കാതെ ശുക്ലം ഉത്‌പാദനം തടയുന്നു. അതായത്‌, ലൈംഗികാഭിലാഷത്തെ ബാധിക്കില്ല. നിലവില്‍ മനുഷ്യരില്‍ പരിശോധന നടത്തുന്ന ഒരേയൊരു ഗുളികയാണു വൈ.സി.ടി 529. ആദ്യ ഘട്ട പരീക്ഷണത്തില്‍ 16 പുരുഷന്മാരാണു പങ്കാളികളായത്‌. ഗുളിക വിജയമായെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോ എന്ന്‌ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്‌.

ഹൃദയമിടിപ്പ്‌, ഹോര്‍മോണ്‍ പ്രവര്‍ത്തനം, ലൈംഗിക പ്രവര്‍ത്തനം എന്നിവയില്‍ ആശങ്കാജനകമായ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നാണു ഗവേഷകര്‍ പറയുന്നത്‌. കമ്യൂണിക്കേഷന്‍സ്‌ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച സുരക്ഷാ പരീക്ഷണത്തിന്റെ ഫലങ്ങള്‍, ഗുളിക അംഗീകരിക്കുന്നതിനുള്ള ഒരു നിര്‍ണായകമായ ആദ്യപടിയാണെന്ന്‌ വിദഗ്‌ധര്‍ പറഞ്ഞു.

ഗുളിക കഴിക്കുന്നത്‌ നിര്‍ത്തിയശേഷം എലികളുടെയും മനുഷ്യേരുടെയും ശുക്ലം ഉത്‌പാദനം സാധാരണ പോലെയായി. എലികള്‍ ആറ്‌ ആഴ്‌ചക്കുള്ളില്‍ ശുക്ലം ഉത്‌പാദന ശേഷി വീണ്ടെടുത്തു. മിനസോട്ട യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ്‌ ഫാര്‍മസി, ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റി, സാന്‍ ഫ്രാന്‍സിസ്‌കോ ആസ്‌ഥാനമായുള്ള യുവര്‍ചോയ്‌സ്‌ തെറാപ്പ്യൂട്ടിക്‌സ്‌ എന്നിവ ചേര്‍ന്നാണു ഗവേഷണം സംഘടിപ്പിച്ചത്‌. രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങിയതായി ഗവേഷണ സംഘം അറിയിച്ചു.