മേക്കപ്പ് ചെയ്ത് പുറത്തിറങ്ങുന്നവരാണ് ഇന്ന് മിക്കവരും. അതിന് എത്ര സമയം വേണമെങ്കിലും സമയം ചിലവഴിയ്ക്കാനും പലരും തയ്യാറാകാറുമുണ്ട്. എന്നാല്‍ മേക്കപ്പ് ഇടാന്‍ കാണിയ്ക്കുന്ന ആവേശമൊന്നും മേക്കപ്പ് റിമൂവ് ചെയ്യാന്‍ ആരും കാണിക്കാറില്ലെന്നതാണ് വാസ്തവം. സമയക്കുറവ്, മടുപ്പ്, വിയര്‍പ്പ്, മടി എന്നിവയൊക്കെ കൊണ്ട് തന്നെ പലരും മേക്കപ്പ് റിമൂവ് ചെയ്യാന്‍ തയ്യാറാകാറില്ല. ഇങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തെ തന്നെയാണ് ഇത് ബാധിയ്ക്കുന്നത്. ചര്‍മം തിളങ്ങാനും, മൃദുവാകാനുമൊക്കെ പല പൊടിക്കൈകളും പ്രയോഗിക്കുന്നവര്‍ മേക്കപ്പ് റിമൂവിങ്ങില്‍ ഉഴപ്പുന്നത് പലപ്പോഴും ചര്‍മത്തിന്റെ ഭംഗി നഷ്ടപ്പെടുത്തും. യാതൊരു കാരണവശാലും മുഖത്തു നിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങാന്‍ കിടക്കരുത്. മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം….
* ഹെവി മേക്കപ്പ് ചെയ്തതിന്റെ തൊട്ടടുത്ത ഒന്നോ രണ്ടോ ദിവസങ്ങളില്‍ മുഖത്ത വിശ്രമിക്കാന്‍ അനുവദിക്കുക. മേക്കപ്പ് ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്. നിര്‍ബന്ധമെങ്കില്‍ മിനിമല്‍ മേക്കപ്പ് ചെയ്യാം.
* മേക്കപ്പ് നീക്കം ചെയ്യാന്‍ എപ്പോഴും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഉത്തമം. വെളിച്ചെണ്ണ പുരട്ടി അല്‍പനേരം മസാജ് ചെയ്തതിനു ശേഷം തുടച്ചുമാറ്റാം. മേക്കപ്പ് പെട്ടെന്നു നീക്കം ചെയ്യാനായി ചര്‍മത്തില്‍ അമര്‍ത്തി തുടയ്ക്കരുത്. ഓരോ ഭാഗവും മൃദുവായിത്തന്നെ തുടച്ചെടുക്കണം.
* ക്ലെന്‍സര്‍ ഉപയോഗിച്ചും മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്. കഴുത്തിലും മുഖത്തും ക്ലെന്‍സര്‍ പുരട്ടി 30 സെക്കന്‍ഡ് വരെ മൃദുവായി മസാജ് ചെയ്യണം. ശേഷം കഴുകി കളയാം.
* മുഖത്തും കഴുത്തിലും വെളിച്ചെണ്ണ പുരട്ടി മേക്കപ്പൊക്കെ ഇളക്കിയതിനു ശേഷം പയറുപൊടി ഉപയോഗിച്ച് കഴുകി കളയാം. രണ്ടോ മൂന്നോ തവണ പയറുപൊടി ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു ഫെയ്‌സ്വാഷ് കൂടെ ഉപയോഗിക്കാം. ചര്‍മത്തില്‍ നിന്നും വെളിച്ചെണ്ണ പൂര്‍ണമായും നീക്കം ചെയ്‌തെന്ന് ഉറപ്പാക്കണം. എണ്ണമയം ചര്‍മത്തില്‍ നിലനിന്നാല്‍ മുഖക്കുരു വരാന്‍ സാധ്യതയേറെയാണ്.
* ഐ മേക്കപ്പ് ആണ് ആദ്യം നീക്കം ചെയ്യേണ്ടത്. അതിനു പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. തുടയ്ക്കാനുപയോഗിക്കുന്ന കോട്ടണ്‍ പാഡ് കണ്ണിന്റെ ഉള്ളില്‍ തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃത്രിമ കണ്‍പീലികള്‍ വച്ചിട്ടുണ്ടെങ്കില്‍ അത് എടുത്തുമാറ്റിയതിനു ശേഷം മാത്രം ഐ മേക്കപ്പ് റിമൂവ് ചെയ്യുക. മസ്‌കാര, ഐലൈനര്‍ ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണ് നന്നായി കഴുകുകയും വേണം.
* രണ്ടാമതായി ലിപ് കളര്‍ നീക്കം ചെയ്യാം. അതിനായി ക്ലെന്‍സര്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ലിപ് കളര്‍ നീക്കം ചെയ്ത ശേഷം അല്‍പം നെയ്യ് പുരട്ടി ചുണ്ട് മസാജ് ചെയ്യുന്നത് സ്വഭാവിക മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കും.
* മേക്കപ്പ് തുടച്ചു മാറ്റിയ ശേഷം ചെറുചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
* മേക്കപ്പ് വളരെ നേരം തങ്ങി നിന്നാല്‍ ചര്‍മം സെന്‍സിറ്റീവായി മാറിയേക്കാം. അങ്ങനെയുള്ളപ്പോള്‍ വെയിലത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. സണ്‍ബേണ്‍ വരാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ നല്ലൊരു സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.
* മേക്കപ്പ് നീക്കം ചെയ്തതിനു ശേഷം മുഖം സ്വഭാവികമായി ഉണങ്ങാന്‍ അനുവദിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം കട്ടിയുള്ള ടവ്വല്‍ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം. യാതൊരുകാരണവശാലും ചര്‍മത്തില്‍ അമര്‍ത്തിത്തുടയ്ക്കരുത്.
* മേക്കപ്പ് നീക്കം ചെയ്ത ശേഷം ഫെയ്‌സ്മാസ്‌ക് ഷീറ്റ് അല്‍പനേരത്തേക്ക് മുഖത്ത് വയ്ക്കുന്നത് ചര്‍മം പൂര്‍വസ്ഥിതിയിലാകാന്‍ നല്ലതാണ്. അല്ലെങ്കില്‍ ചര്‍മത്തിനിണങ്ങുന്ന നാച്വറല്‍ ഫെയ്‌സ് പാക്ക് പുരട്ടുന്നതും ഗുണം ചെയ്യും.
* മേക്കപ്പ് നീക്കം ചെയ്തതിനു ശേഷം ചര്‍മത്തില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ മോയിസ്ചറൈസര്‍ നിര്‍ബന്ധമായും പുരട്ടിയിരിക്കണം.