ജീവിതത്തില്‍ വന്‍നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തികളെല്ലാംതന്നെ വളരെ വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണ്. സിക്കിമിലെ ആദ്യത്തെ വനിത ഐ പിഎസ് ഓഫീസര്‍ എന്ന ബഹുമതി സ്വന്തമാക്കിയ അപരാജിത റായിയുടെയും കഥ വ്യത്യസ്തമല്ല. സിവില്‍ സര്‍വീസ് പരീക്ഷ രണ്ട് തവണ എഴുതി വിജയിച്ച അപരാജിത ഇന്ന് പൊതുജന സേവന രംഗത്തേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രചോദനമാണ്. അപരാജിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന കുടുംബത്തിലാണ് ജനിച്ചത്. അമ്മ സ്‌കൂളിലെ ടീച്ചറും അച്ഛന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുമായിരുന്നു.
എന്നാല്‍ എട്ടാം വയസ്സില്‍ അപരാജിതയുടെ അച്ഛന്‍ മരിച്ചു. അക്കാലയളവിലാണ് സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് അപരാജിത തിരിച്ചറിഞ്ഞു തുടങ്ങിയത്. തസ്തിക എത്രതന്നെ ചെറുതാണെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ കയറിയവര്‍ സാധാരണക്കാരായ ജനങ്ങളോട് പല അവസരങ്ങളിലും അവഗണനയോടെ പെരുമാറുന്നുണ്ടെന്ന് മനസ്സിലാക്കാനായി സാധിച്ചു. ഭരണസംവിധാനത്തിന്റെ ഭാഗമായാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാനാവൂ എന്ന ചിന്ത അന്നേ അവളുടെ മനസില്‍ കയറിക്കൂടി.
സ്‌കൂളിലെ വിദ്യാഭ്യാസ കാലത്ത് തന്നെ പഠനത്തില്‍ എന്ന് മികവ് പുലര്‍ത്തിയാണ് അപരാജിത മുന്നേറിയത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഉയര്‍ന്ന മാര്‍ക്കില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജൂഡിഷ്യല്‍ സ്റ്റഡീസില്‍ നിന്നും എല്‍എല്‍ബി സ്വന്തമാക്കി. 2009ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. എന്നാല്‍ പരാജയപ്പെട്ടു. വീണ്ടും 2010-ല്‍ പരീക്ഷ എഴുതി. 768-ാമത്തെ റാങ്ക് സ്വന്തമാക്കി.
റാങ്കില്‍ പിന്നോക്കം പോയതിനാല്‍ വളരെ നല്ല തയ്യാറെടുപ്പോടെ വീണ്ടും 2011ല്‍ പരീക്ഷ എഴുതി. ഇക്കുറി 358-ാം റാങ്ക് നേടാനായി .സിക്കിമില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒരു വ്യക്തി സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കായിരുന്നു അത്.
മികച്ച ലേഡി ഔട്ട് ഡോര്‍ പ്രൊബേഷനര്‍ക്കുള്ള 1958 ബാച്ച് ഐ പി എസ് ഓഫീസേഴ്സ് ട്രോഫിയടക്കം പല പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയാണ് അപരാജിത ഐപിഎസ് ട്രെയിനിങ് കാലഘട്ടം പൂര്‍ത്തിയാക്കിയത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് എത്താന്‍ മടിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ തന്റെ മുന്നില്‍ എത്തുന്ന ഒരാള്‍ക്കും അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ അപരാജിത പ്രത്യേകം ശ്രദ്ധിക്കുന്നു. മയക്കുമരുന്ന് – സ്വര്‍ണക്കടത്ത് തടയുന്നതടക്കം പല സുപ്രധാന ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തികരിക്കാന്‍ അപരാജിതയ്ക്ക് സാധിച്ചു. ആദ്യ വട്ടം സിവില്‍ പരീക്ഷ എഴുതി പരാജയപ്പെട്ടപ്പോള്‍ അമ്മ റോമ റായുടെ വാക്കുകളാണ് അപരാജിത്ക്ക് ഊര്‍ജ്ജം പകര്‍ന്നത്.