ഹോങ്കോങ്ങ് ശൈലിയിലുള്ള ആയോധന കലകളെ അടിസ്ഥാനമാക്കിയുള്ള സിനിമകളിലൂടെയാണ് ജോണ്‍ വൂവിന് ഹോളിവുഡ് ആരാധകര്‍ക്കിടയില്‍ പ്രശസ്തി. പക്ഷേ ഫെയ്‌സ്/ഓഫ്, മിഷന്‍: ഇംപോസിബിള്‍ 2, വിന്‍ഡ്‌ടോക്കേഴ്‌സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ സംവിധായകനെ പെട്ടെന്ന് മറക്കാനിടയില്ല. ഹോളിവുഡിലേക്കുള്ള ജോണ്‍ വൂവിന്റെ തിരിച്ചുവരവ് ചിത്രമായ ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന് റിലീസ് ചെയ്യുമെന്ന് ലയണ്‍സ്ഗേറ്റ് പ്രഖ്യാപിച്ചു. റോബര്‍ട്ട് ആര്‍ച്ചര്‍ ലിന്‍ രചിച്ച ഈ ചിത്രത്തില്‍ ജോയല്‍ കിന്നമാന്‍, സ്‌കോട്ട് മെസ്‌കുഡി, ഹാരോള്‍ഡ് ടോറസ്, കാറ്റലീന സാന്‍ഡിനോ മൊറേനോ എന്നിവര്‍ അഭിനയിക്കുന്നു. മകന്‍ നഷ്ടപ്പെട്ട ഒരു ഊമയായ പിതാവിന്റെ പ്രതികാരമാണ് സിനിമ പറയുന്നത്. ക്രിസ്റ്റ്യന്‍ മെര്‍ക്കുറി, ലോറി ടില്‍കിന്‍ ഡിഫെലിസ്, ബേസില്‍ ഇവാനിക്, എറിക്ക ലീ, ജോണ്‍ വൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാതാവായും സംവിധായകനായും ഹോളിവുഡില്‍ അനേകം ഹിറ്റുകള്‍ ഒരുക്കിയ ജോണ്‍ വൂവിന്റെ അവസാന അമേരിക്കന്‍ തീയറ്റര്‍ റിലീസ് 2003-ല്‍ ബെന്‍ അഫ്‌ളെക്കും ആരോണ്‍ എക്ഹാര്‍ട്ടും അഭിനയിച്ച പേചെക്ക് ആയിരുന്നു.1997 ല്‍ നിക്കോളാസ് കേജും ജോണ്‍ ട്രവോള്‍ട്ടയും നായകന്മാരായ ഫെയ്‌സ്/ഓഫും 2000 ല്‍ ടോം ക്രൂയിസ് നായകനായ മിഷന്‍: ഇംപോസിബിള്‍ 2, 2002 നിക്കോളാസ് കേജ് നായകായി വന്ന അമേരിക്കന്‍ യുദ്ധ സിനിമ വിന്‍ഡ്‌ടോക്കേഴ്‌സും വന്‍വിജയം നേടിയ സിനിമകളാണ്. എ ബെറ്റര്‍ ടുമാറോ (1986), ദി കില്ലര്‍ (1989), റെഡ് ക്ലിഫ്: ഭാഗം 1, 2 (2008, 2009) തുടങ്ങിയ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്.
