Sports

പഴയ ക്ലബ്ബിനെതിരേ മെസ്സി ആദ്യ ഇലവനില്‍ മടങ്ങിയെത്തി; ഓള്‍ഡ് ബോയ്‌സുമായുള്ള കളി 1-1 സമനിലയില്‍

ഹോങ്കോംഗിലെയും ജപ്പാനിലെയും വിവാദ മത്സരങ്ങള്‍ക്ക് ശേഷം ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ലിയോണേല്‍ മെസ്സി തന്റെ പഴയ ടീമിനെതിരേ വീണ്ടും ഇന്റര്‍മിയാമിയുടെ ആദ്യ ഇലവനില്‍. ഏഷ്യന്‍രാജ്യങ്ങള്‍ക്ക് പിന്നാലെ അര്‍ജന്റീനയില്‍ പര്യടനം നടത്തുന്ന തന്റെ ടീമിനൊപ്പം മെസ്സി തന്നെ താരമാക്കി മാറ്റിയ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിനെതിരായ സൗഹൃദ മത്സരത്തില്‍ കളിച്ചു.

കളി 1-1 സമനിലയില്‍ അവസാനിക്കുകയും ചെയ്തു. അടുത്തയാഴ്ച അമേരിക്കന്‍ ലീഗില്‍ കളി തുടങ്ങാനിരിക്കെ ഇന്റര്‍മയാമിയുടെ അവസാന സൗഹൃദമത്സരമായിരുന്നു. ബാഴ്‌സിലോണ അക്കാദമിയിലേക്ക് പോകും മുമ്പ് മെസ്സി കളിച്ച പഴയ ക്ലബ്ബാണ് ഓള്‍ഡ് വെല്‍സ്. 1995 മുതല്‍ 2000 വരെ മെസ്സി കളിച്ച ക്ലബ്ബാണ് ഓള്‍ഡ് ബോയ്‌സ്. മെസ്സിയുടെ സാന്നിധ്യം ഹോം ആരാധകരെ സന്തോഷിപ്പിച്ചു.

ഹോങ്കോംഗ് സൗഹൃദ മത്സരത്തില്‍ മെസ്സി കളിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ഞരമ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് കളിക്കാതിരുന്ന താരം പക്ഷേ ഓള്‍ഡ്‌ബോയ്‌സിനെതരേ ആദ്യ ഇലവനില്‍ മടങ്ങിയെത്തുകയും ചെയ്തു. ആദ്യ പകുതി ഗോള്‍ രഹിതമായെങ്കിലും 64-ാം മിനിറ്റില്‍ ഷാനിദര്‍ ബൊര്‍ഗെലിന്റെ ഗോളില്‍ ഇന്റര്‍ മിയാമി മുന്നിലെത്തി. ഫിന്നിഷ് മിഡ്ഫീല്‍ഡര്‍ റോബര്‍ട്ട് ടെയ്ലറുടെ ഒരു പെര്‍ഫെക്റ്റ് കോര്‍ണര്‍ കിക്കിന് തലവെച്ച് 22 കാരനായ ഹെയ്തിയന്‍ ഫോര്‍വേഡ് തന്റെ ആകാശ മികവ് പ്രകടിപ്പിച്ചു.

എന്നിരുന്നാലും, ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സ് മറുപടി നല്‍കി, 83-ാം മിനിറ്റില്‍ ഫ്രാങ്കോ മാര്‍ട്ടിന്‍ ഡയസിന്റെ ഗോളില്‍ സ്‌കോര്‍ സമനിലയിലാക്കി-ബോക്സിന്റെ ഹൃദയഭാഗത്ത് നിന്ന് താഴെ വലത് മൂലയിലേക്ക് ശക്തമായ സ്ട്രൈക്ക്. ഈ സമനിലയോടെ ഇന്റര്‍ മിയാമി തങ്ങളുടെ പ്രീ-സീസണ്‍ അവസാനിപ്പിച്ചതിനാല്‍, ബുധനാഴ്ച നടക്കാനിരിക്കുന്ന റിയല്‍ സാള്‍ട്ട് ലേക്ക്‌ക്കെതിരായ അവരുടെ റെഗുലര്‍-സീസണ്‍ ഓപ്പണറിനായി അവര്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്.