Lifestyle

വീട്ടില്‍ ബാക്കിവന്ന എണ്ണ കളയാന്‍ വരട്ടേ! ഇനി ഇങ്ങനെയൊക്കെ അത് ഉപയോഗിക്കാം

വീട്ടില്‍ ചിക്കന്‍ വറുത്തതിന് ശേഷം ബാക്കി വന്ന എണ്ണ സാധാരണയായി നിങ്ങള്‍ എന്തുചെയ്യും? പലരും നേരിടുന്ന ഒരു പ്രശ്നമാണിത്. ഇത് നേരെ സിങ്കില്‍ ഒഴിച്ചാല്‍ ബ്ലോക്കേജിന് കാരണമാകും. പുറത്തേക്ക് ഒഴിച്ച് കളയാനും സാധിക്കില്ല. നല്ലരീതിയില്‍ ഈ എണ്ണ വീണ്ടും ഉപയോഗിക്കാന്‍ പല മാര്‍ഗങ്ങളുണ്ട് .

വീണ്ടും ഉപയോഗിക്കാനായി എണ്ണയിലുള്ള മാലിന്യങ്ങളും ദുര്‍ഗന്ധങ്ങളും കളയണം. ഒരോ കപ്പ് എണ്ണയ്ക്കും , 1 ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച് കാല്‍ കപ്പ് വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കുക. പിന്നീട് എണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക. മാലിന്യങ്ങള്‍ മുഴുവന്‍ കോണ്‍ സ്റ്റാര്‍ച്ചില്‍ ഒട്ടി പിടിച്ച് കട്ടയാകുന്നത് കാണാന്‍ സാധിക്കും. ഇത് അരിച്ചെടുത്താല്‍ എണ്ണ കാണാന്‍ വീണ്ടും വൃത്തിയാകും. എന്നാല്‍ ഇത് ഭക്ഷണത്തില്‍ ഉപയോഗക്കാന്‍ സാധിക്കില്ല. എന്നാല്‍ മറ്റ് മാര്‍ഗങ്ങളുണ്ട്.

താക്കോല്‍ ഇട്ട് തിരിച്ചാല്‍ കുടുങ്ങുന്ന പൂട്ടിനുള്ളിലും വാതില്‍ തുറക്കാന്‍ പറ്റാത്ത രീതിയിലുള്ള വിജാഗിരിക്കുള്ളിലുമെല്ലാം ഇത് ഉപയോഗിക്കാം. വീട്ടില്‍ രാത്രി വിളക്ക് കത്തിക്കാറുണ്ടെങ്കില്‍ ഇത് വിളക്കെണ്ണയായി ഉപയോഗിക്കാം. ലെതര്‍ ഉപയോഗിച്ചുള്ള ബാഗുകളും ഷുകളും ഫര്‍ണിച്ചറുകളും ഈ എണ്ണ ഉപയോഗിച്ച് പോളിഷ് ചെയ്യാം.

ബാക്കി വന്ന എണ്ണ ഉപയോഗിച്ച് സോപ്പുകള്‍ നിര്‍മ്മിക്കാം. കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ തുരുമ്പ് പിടിക്കാതിരിക്കാന്‍ ഈ എണ്ണ ഉപയോഗിക്കാം .ഉപയോഗിച്ചതിന് ശേഷം ഇരുമ്പ് പാത്രങ്ങള്‍ കഴുകി ഉണക്കിയ ശേഷം ഈ എണ്ണ പുരട്ടി വയ്ക്കുക. ഉപയോഗിച്ച സസ്യ എണ്ണ, കമ്പോസ്റ്റ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത്, കമ്പോസ്റ്റിങ് പ്രക്രിയയെ സഹായിക്കുന്ന വിരകള്‍ക്ക് ഭക്ഷണം നല്‍കും. സസ്യ എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.