Oddly News

ക്ലിയോപാട്രയുടെ കണ്‍പീലികള്‍ക്ക് നീലനിറം നല്‍കിയ ‘ലാപിസ് ലസൂലി’; അഫ്ഗാനിസ്ഥാന്റെ നിധി ഈ ‘ ആകാശകല്ല്’

ലാപിസ് ലസൂലി റൂട്ട് എന്നത് ഏഷ്യയിലെ വലിയ ചരക്കുഗതാഗത പദ്ധതികളിലൊന്നാണ്. 2018 ല്‍ യാഥാര്‍ഥ്യത്തിലെത്തിയ ഈ പദ്ധതി അഫ്ഗാനിസ്ഥാനില്‍ നിന്ന് ലാപിസ് ലസൂലി എന്ന വസ്തു തുര്‍ക്കിയിലെത്തിക്കാന്‍ ലക്ഷ്യമാക്കിയതാണ്. ഇത് കടന്നുപോകുന്നതാവട്ടെ തുര്‍ക്ക്മെനിസ്ഥാന്‍, അസര്‍ബൈജാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളിലൂടെയാണ്.

2000 വര്‍ഷം മുമ്പ് മുതലുള്ള ഒരു ചരിത്രപാതയുടെ പുന സൃഷ്ടിയാണ് ഇത്. പ്രകൃതി അഫ്ഗാനിസ്ഥാനില്‍ വ്യത്യസ്തമായ ധാതുസമ്പത്ത് ഒരുക്കിയട്ടുണ്ട്. അതില്‍ ഒന്നാണ് അമൂല്യമായ ലാപിസ് ലസൂല എന്ന ധാതുകല്ല്. അതിന്റെ മനോഹാരിത കൊണ്ടും വില കൊണ്ടും രാജാക്കന്‍മാരാലും പ്രഭുക്കന്‍മാരാലും ആഗ്രഹിക്കപ്പെടുന്നു.
ഹരിയാനയിലെ ഭിറാനിയില്‍ നിന്ന് ലാപിസ് ലസൂലി കണ്ടെടുത്തിട്ടുണ്ട്. ഏതാണ്ട് 10000 വര്‍ഷം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു ഈ കല്ല്. കൂടാതെ ഈജിപ്തിലെ സുന്ദരിയായ റാണി ക്ലിയോപാട്ര തന്റെ കണ്‍പീലികള്‍ക്ക് നീലനിറം നല്‍കാനായി ലാപിസ് ലസൂലി ചാലിച്ച കണ്‍മഷി ഉപയോഗിച്ചിരുന്നത്രേ. ഈജിപ്തില്‍ നിന്നും കണ്ടെത്തിയ മമ്മിയായ തൂത്തന്‍ ഖാമുവിന്റെ മുഖാവരണത്തിലും ഈ അമൂല്യമായ ധാതു ഉപയോഗിച്ചിരുന്നു.

യൂറോപ്പില്‍ ചിത്രകല പൂത്തുലഞ്ഞ മധ്യകാലഘട്ടത്തില്‍ ലാപിസ് ലസൂലി പൊടിച്ച് പൗഡര്‍ രൂപത്തിലാക്കി ചാലിച്ച് ഒരു സവിശേഷമായ ചായം നിര്‍മിച്ചിരുന്നു. ഈ ചായം അറിയപ്പെട്ടിരുന്നത് അള്‍ട്രൈമറൈന്‍ എന്നാണ്.അക്കാലത്തെ പ്രശസ്ത ചിത്രകാരന്‍മാരും ലാപിസ് ലസൂലി ഉപയോഗിച്ചിരുന്നു. ആകാശക്കല്ല് എന്നാണ് ലാപിസ് ലസൂലിയുടെ പേര്‍ഷ്യന്‍ ഭാഷയിലെ അര്‍ഥം.

കടുംനീലനിറമുള്ള ഈ ധാതു അഫ്ഗാനിസ്ഥാനിലെ ബഡാക്ഷാന്‍ മേഖലയിലുള്ള കൊക്ച താഴ് വരയിലാണ് ഏറ്റവും കൂടുതലുള്ളത്.
ഇനിയും ഒരു ട്രില്യന്‍ യുഎസ് ഡോളറിനു തുല്യമായ നിക്ഷേപം ഇവിടെയുണ്ട്. ഇത് ഖനനം ചെയ്താല്‍ അഫ്ഗാന്‍ ഒരു സമ്പന്നരാജ്യമായി മാറുമെന്ന് രാജ്യന്തര സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. സൗന്ദര്യവര്‍ധക സാധനങ്ങള്‍, ശില്‍പങ്ങള്‍, ചിത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാം അമൂല്യമായ ഈ കല്ല് ഉപയോഗിച്ച് നിര്‍മിക്കുന്നു.