റാംപുര്‍ (ഉത്തര്‍പ്രദേശ്): ബൊലേറോയുടെ മുകളിലേക്കു ലോഡ് കയറ്റി വന്ന ട്രക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ റാംപൂരില്‍ തൊണ്ട് കയറ്റി വന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്. ഞായറാഴ്ച വൈകിട്ട് റാംപൂര്‍-നൈനിറ്റാല്‍ ഹൈവേയിലെ തിരക്കേറിയ പഹാഡി ഗേറ്റിലായിരുന്നു ഭീതിപ്പെടുത്തുന്ന അപകടം.
ദേശീയപാതയില്‍നിന്നു വലതുവശത്തേക്കു തിരിയാനായി ബൊലേറോ ശ്രമിക്കുന്നതിനിടെ പിന്നിലൂടെവന്ന ട്രക്ക് ബൊലേറോയ്ക്കും ഡിവൈഡറിനും ഇടയില്‍പ്പെട്ടു. വേഗതയിലായിരുന്ന ഡ്രക്ക് ഡിവൈഡറിലിടിച്ചശേഷം ബൊലേറോയുടെ മുകളിലേക്കു മറിയുകയായിരുന്നു. ട്രക്കിനടിയില്‍ ഞെരിഞ്ഞമര്‍ന്ന ബൊലേറോയുടെ ഡ്രൈവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ബൊലേറോ വാഹനം വൈദ്യുതി വകുപ്പിലെ ഒരു സബ് ഡിവിഷണല്‍ ഓഫീസറു (എസ്.ഡി.ഒ.)ടെ ഉടമസ്ഥതയിലുള്ളതാണ്. അപകടസമയം എസ്.ഡി.ഒ. വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഒരു സബ്‌സ്‌റ്റേഷനില്‍ ഡ്രൈവര്‍ അദ്ദേഹത്തെ ഇറക്കി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്നു റാംപുര്‍-നൈനിറ്റാള്‍ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.




