Travel

ലഡാക്കിലെ പാംഗോംഗ് തടാകം ഇത്തവണയും ഐസായി; പക്ഷേ ഏറെ വൈകി

കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനകള്‍ നല്‍കി അനേകം മാറ്റങ്ങളും കോട്ടങ്ങളുമാണ് പ്രകൃതിയില്‍ സംഭവിച്ചൂകൊണ്ടിരിക്കുന്നത്. കശ്മീരിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളായ താഴ്‌വാരത്ത് ഹിമപാതം ഏറെ വൈകിയെത്തിയത് ഫെബ്രുവരി ആദ്യവാരം വാര്‍ത്തയായിരുന്നു. സമാനഗതിയില്‍ ലഡാക്കിലെ പ്യൊംഗ്യോംഗ് തടാകത്തിലേക്കും ശൈത്യകാലം കടന്നുവന്നത് ഇത്തവണ ഏറെ വൈകി. ജനുവരി പകുതിയോടെ തുടങ്ങേണ്ട അതിശൈത്യം പാംഗോംഗ് തടാകത്തെ ഇത്തവണ ബാധിച്ചത് ഒരുമാസം വൈകി. പാംഗോംഗ് തടാകം അതിശൈത്യത്തെ തുടര്‍ന്ന് ഉറഞ്ഞുപോയത് ഫെബ്രുവരിയിലായിരുന്നു. തടാകത്തിന്റെ പ്രകൃതിദത്തമായ വാര്‍ഷിക മരവിപ്പിക്കല്‍ ഈ വര്‍ഷം മൂന്നാഴ്ചയോളം വൈകി.

പരിസ്ഥിതി ലോല മേഖലയില്‍ സ്ഥിതി ചെയ്യുന്ന തടാകം സാധാരണയായി എല്ലാ വര്‍ഷവും ജനുവരി രണ്ടോ മൂന്നാമത്തെയോ ആഴ്ചയില്‍ ദൃഢമാകുന്നതാണ്. എന്നാല്‍ 2024 ല്‍, ഈ സംഭവം നടന്നത് ഫെബ്രുവരി രണ്ടാം വാരത്തില്‍. 14,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകം ഈ വര്‍ഷം ഫെബ്രുവരി 8 നായിരുന്നു നേര്‍ത്ത മഞ്ഞുപാളി രൂപപ്പെടാന്‍ തുടങ്ങിയതെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി കഴിഞ്ഞ ആറ് വര്‍ഷമായി രേഖപ്പെടുത്തിയ ചരിത്രപരമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. 134 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തടാകം 2023 ല്‍ ജനുവരി 19 മുതല്‍ ജനുവരി 24 വരെയും 2022 ല്‍ ജനുവരി 14 മുതല്‍ ജനുവരി 24 വരെയും 2021 ല്‍ ജനുവരി 14 മുതല്‍ ജനുവരി 19 വരെയും ആയിരുന്നു ഉറച്ചുപോയത്. 2020 ല്‍ ജനുവരി 30 ന് ഇടതൂര്‍ന്ന മഞ്ഞ് പാളിയില്‍ ഇത് പൊതിഞ്ഞിരുന്നു.

ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള അമ്പത് പേര്‍ ഫെബ്രുവരി 20 ന് ലുക്കുങ്ങില്‍ നിന്ന് മാന്‍ ഗ്രാമത്തിലേക്ക് ആരംഭിച്ച് മഞ്ഞുമൂടിയ പാംഗോങ് തടാകത്തിന് മുകളിലൂടെ 21.9 കിലോമീറ്റര്‍ ഓടുന്നുണ്ട്. 2023-ല്‍ തുടങ്ങിയ ഇന്ത്യയുടെ ശീതീകരിച്ച തടാക മാരത്തണില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ശീതീകരിച്ച തടാകഹാഫ് മാരത്തണ്‍ ആണിത്. കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയന്‍, കാരക്കോറം ഹിമാനികള്‍ ഉരുകുന്നതിന്റെ നിരക്ക് ത്വരിതപ്പെടുത്തിയ പാരിസ്ഥിതികമായി അതിലോലമായ പര്‍വതമേഖലയുടെ വര്‍ദ്ധിച്ചുവരുന്ന സംവേദനക്ഷമതയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നു.