തെന്നിന്ത്യൻ സൂപ്പർ താരം രവി മോഹനൊപ്പം കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ഒന്നിക്കുന്ന ‘ജീനി’ സിനിമയിലെ ആദ്യ ഗാനം പുറത്ത്.കൃതിയും കല്യാണിയും ഗ്ലാമറസ് ലുക്കിലെത്തുന്നു ‘അബ്ദി അബ്ദി’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. മഷൂക്ക് റഹ്മാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. മെയ്സ കാര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ റാപ് ഭാഗം ആലപിച്ചിരിക്കുന്നത് ഫ്രീക്കാണ്.
അറബിക് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് കല്യാണി പ്രിയദർശന്റെയും കൃതി ഷെട്ടിയുടെയും ഗ്ലാമറസ് ഡാൻസാണ്. തെന്നിന്ത്യയിലെ സൂപ്പർ നായികമാർ ഒന്നിച്ച് ചെയ്ത ഡാൻസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ കല്യാണിയിൽ നിന്ന് ഇത്തരത്തിലൊരു ഡാൻസ് പ്രതീക്ഷിച്ചില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
കല്യാണിയെയും കൃതിയെയും കൂടാതെ ദേവയാനി, വാമിക ഗബ്ബി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവാഗതനായ അർജുനൻ ജൂനിയർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് സിനിമ നിർമിക്കുന്നത്. ചിത്രം ഉടൻ തിയറ്ററിൽ എത്തും.




