Movie News

തമിഴില്‍ ചരിത്രമെഴുതി അന്നാബെന്നും സൂരിയും ; ‘കൊട്ടുകാളൈ’ ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍

തമിഴ് സിനിമയില്‍ കോമാളിയെന്ന് പരിഹസിക്കപ്പെട്ടിരുന്ന നടന്‍ സൂരിയും ഭാഗ്യമില്ലാത്ത നായികയെന്ന് മലയാളം തള്ളിയ അന്നാബെന്നും തമിഴ്‌സിനിമയില്‍ ചരിത്രമെഴുതുന്നു. ലോകശ്രദ്ധയാകര്‍ഷിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇവരുടെ സിനിമ കൊട്ടുകാളൈ പ്രദര്‍ശിപ്പിക്കുന്നു. തമിഴ് സിനിമയില്‍ നിന്നും ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സിനിമയാണ് കെട്ടുകാളൈ.

‘കൂഴങ്കള്‍’ എന്ന സിനിമയിലൂടെ പ്രശസ്തനായ പി.എസ്. വിനോദ്രാജ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ യുടെ നിര്‍മ്മാതാവും നടനുമായ ശിവകാര്‍ത്തികേയനാണ് വിവരം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. അന്നാബെന്‍ ആണ് സിനിമയിലെ നായിക. സിനിമയുടെ ക്യാമറ ബി ശക്തിവേലും എഡിറ്റിംഗ് ഗണേശ് ശിവയുമാണ് ചെയ്തിരിക്കുന്നത്.

വിനോദ്രാജിന്റെ കൂഴങ്കള്‍ നേരത്തേ 94 ാമത് അക്കാദമി അവാര്‍ഡിനായി ഇന്ത്യ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമയായിരുന്നു. ഈ സിനിമ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും ടൈഗര്‍ പുരസ്‌ക്കാരം നേടുകയും ചെയ്തിരുന്നു. നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും റൗഡി പിക്ചേഴ്സായിരുന്നു സിനിമയുടെ നിര്‍മ്മാണ്. മികച്ച ശ്രദ്ധയാണ് സിനിമ നേടിയത്.

വെട്രിമാരന്റെ ‘വിടുതലൈ’ ആയിരുന്നു സൂരി അവസാനമായി അഭിനയിച്ച സിനിമ. പോലീസുകാരനായി സൂരിയുടെ മേക്ക് ഓവര്‍ ഞെട്ടിക്കുന്നതായിരുന്നു. തമിഴിലെ ഇരുത്തം വന്ന നടന്മാരെപ്പോലെ പ്രകടനം നടത്തിയ സൂരി നായകനായി എത്തുന്ന അടുത്ത സിനിമ ‘കൊട്ടുകാളൈ’ യും തീയേറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ശ്രദ്ധ നേടുകയാണ്.