ലാല്‍ കില മുതല്‍ താജ്മഹല്‍ വരെ നിരവധി ചരിത്ര സ്മാരകങ്ങളുള്ള രാജ്യമാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഹൗറ നഗരത്തിലെ ഷിബ്പൂരിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഭീമാകാരമായ ആല്‍മരം വിനോദസഞ്ചാരികളുടെ എല്ലാക്കാലത്തെയും ശ്രദ്ധാകേന്ദ്രമാണ്. 255 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ആല്‍മരം 5 ഏക്കര്‍ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്.
കൊല്‍ക്കത്തയിലെ ഏറ്റവും പഴയ പൗരന്‍ എന്നറിയപ്പെടുന്ന ആല്‍മരം കാണാന്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് എത്തുന്നത്. ഫംഗസ് അണുബാധ കാരണം ആല്‍മരത്തിന്റെ പ്രാഥമിക വേര് വളരെക്കാലം മുമ്പ് നശിച്ചു. പക്ഷേ അതിന്റെ സിരകള്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് പലര്‍ക്കും ഒരു അത്ഭുതമാണ്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ രണ്ടേക്കറിലധികം സ്ഥലത്ത് ഈ മരം പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭീമാകാരമായ ആല്‍മരം തുടര്‍ച്ചയായി പടര്‍ന്നുപിടിച്ചതിനാല്‍, ഈ ചരിത്രമരം സുരക്ഷിതമായി സൂക്ഷിക്കാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ അതിര്‍ത്തി വര്‍ധിപ്പിക്കേണ്ടിവന്നു. 1985ല്‍ മരത്തിനു ചുറ്റും വേലി കെട്ടിയപ്പോള്‍ മൂന്നേക്കറോളം വിസ്തൃതിയുണ്ടായി. ഇന്ന്, മരത്തിന്റെ ഞരമ്പുകളില്‍ നിന്ന് വളരെയധികം വേരുകള്‍ വളര്‍ന്നു, മൊത്തം വിസ്തീര്‍ണ്ണം അഞ്ച് ഏക്കറിലധികം ആയി.
ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഈ ഭീമാകാരമായ വൃക്ഷത്തിന് ‘ദി വാക്കിംഗ് ട്രീ’ എന്ന് പേരിട്ടു. 4,000-ത്തിലധികം വേരുകള്‍ ഈ വലിയ ആല്‍മരത്തിന് ജീവനുള്ളതായി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അധികൃതര്‍ പറഞ്ഞു. ഈ ഭീമന്‍ ആല്‍മരം 1989-ല്‍ ലോകത്തിലെ ഏറ്റവും വലിയ വൃക്ഷ മാതൃകയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്. ഭീമന്‍ ആല്‍മരം സൂര്യപ്രകാശത്തിന്റെ ദിശയെ പിന്തുടര്‍ന്ന് കിഴക്കോട്ട് നീങ്ങുന്നു. മരത്തിന്റെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധയാണ്് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നല്‍കുന്നത്.
13 ജീവനക്കാരെയാണ് വൃക്ഷം പരിപാലിക്കാന്‍ നില്‍ക്കുന്നത്. അവരില്‍ നാലുപേര്‍ മുതിര്‍ന്ന സസ്യശാസ്ത്രജ്ഞരും ബാക്കിയുള്ളവര്‍ പരിശീലനം ലഭിച്ച തോട്ടക്കാരുമാണ്. ഫംഗസ് അണുബാധ, ചിതല്‍ ബാധ, നശീകരണം എന്നിവയുടെ ലക്ഷണങ്ങള്‍ അവര്‍ മരത്തില്‍ പരിശോധിച്ചുകൊണ്ടിരിക്കും. മരത്തില്‍ ലൈക്കണുകളും പായലുകളും ആരോഗ്യം നിരീക്ഷിക്കാന്‍ പരിശോധിക്കാറുണ്ടെന്ന് മറ്റൊരു മുതിര്‍ന്ന സസ്യശാസ്ത്രജ്ഞന്‍ ബസന്ത് സിംഗ് പറഞ്ഞു.