Crime

മോഷ്ടിച്ച ബനാറസ് സാരിയുമുടുത്ത് ഫേസ്ബുക്കില്‍ ഫോട്ടോയിട്ടു ; മോഷണത്തിന് കയ്യോടെ പൊക്കി

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ ചിലപ്പോഴൊക്കെ യൂസറിനെ തിരിച്ചടിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ നിന്നും മോഷണം പോയ സാരി കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിഞ്ഞത് വമ്പന്‍ മോഷണത്തിന്റെ വിവരം. സാരി പിന്തുടര്‍ന്ന പോലീസ് വ്യാഴാഴ്ച മോഷ്ടാവിനെ അറസ്റ്റ് ചെയ്തതോടെ പുറത്തുവന്നത് സൈബര്‍തട്ടിപ്പ് അടക്കം വഞ്ചനയുടേയും ഭവനഭേദനത്തിന്റെയും ആറ് കേസുകളായിരുന്നു.

നാലുമാസം നടത്തിയ അന്വേഷണത്തില്‍ പോലീസ് ബനാറസി സാരി, വിലകൂടിയ ആഭരണങ്ങള്‍, പണം എന്നിവ കണ്ടെത്തി. ഇതിന് പുറമേ ഒരു സ്‌കൂട്ടറും ഒരു ബൈക്കും വിലയേറിയ മറ്റു വസ്തുക്കളും കണ്ടെത്തി. ബംഗാളിലെ മാധ്യംഗ്രാം പോലീസായിരുന്നു മോഷണം പൊളിച്ചത്.

സൈബര്‍ തട്ടിപ്പില്‍ പെട്ട ഒരാളുടെ 1,26,964 രൂപയും തിരിച്ചെടുക്കാനായി. പൂജ സര്‍ദാര്‍ എന്ന സ്ത്രീയടക്കം മോഷണവുമായി ബന്ധപ്പെട്ട് ആറുപേരാണ് അറസ്റ്റിലായത്്. മാധ്യംഗ്രാം എല്‍ഐസി ടൗണ്‍ഷിപ്പിലെ ആശിശ് ദാസ് ഗുപ്ത എന്ന റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും നഷ്ടമായ ബനാറസി സാരി, വളകള്‍, കമ്മലുകള്‍, മാലകള്‍ അടക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മറ്റ് വിലപ്പെട്ട വസ്തുക്കളെല്ലാം കണ്ടെത്താനായെന്ന് പോലീസ് പറയുന്നു.

മോഷ്ടിക്കപ്പെട്ട ഒരു വിലകൂടിയ ബനാറസ് സാരിയണിഞ്ഞ് സര്‍ദാറിനെ ഫേസ്ബുക്കില്‍ കണ്ടെത്തിയതാണ് മോഷ്ടാക്കളെ കുടുക്കാന്‍ കാരണമായത്. ഇത് കണ്ട ദാസ്ഗുപ്തയുടെ മകള്‍ സ്‌ക്രീന്‍ഷോട്ടുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തങ്ങളുടെ വീട്ടില്‍ വേലക്കാരിയായി സര്‍ദാര്‍ ജോലി ചെയ്തിട്ടുണ്ടെന്നും അന്ന് മോഷണം നടത്തിയിട്ടുണ്ടെന്നും അവര്‍ പോലീസിനെ അറിയിച്ചു. അന്നു തന്നെ സംശയം ഉണ്ടായിരുന്നെന്നും എന്നാല്‍ തെളിവില്ലാത്തതിനാല്‍ ജോലിയില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നെന്നും പറഞ്ഞു. ഉടന്‍ തന്നെ സര്‍ദാറിനെ ഒരു ബന്ധുവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *