Sports

ലോകകപ്പ് ടീമില്‍ എടുത്തപ്പോള്‍ എന്തെല്ലാമായിരുന്നു? വിമര്‍ശകര്‍ക്ക് കെ.എല്‍. രാഹുലിന്റെ മറുപടി ബാറ്റുകൊണ്ട്

പരിക്കേറ്റ് ടീമിന് പുറത്തായിരുന്നു കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിനെ ഏകദിന ലോകകപ്പ് ടീമിലെടുത്തപ്പോള്‍ എന്തായിരുന്നു കോലാഹലം. വിമര്‍ശകരും കളിയെഴുത്തുകാരുമെല്ലാം ഈ തെരഞ്ഞെടുപ്പിനെ രൂക്ഷമായി എതിര്‍ത്തിരുന്നു. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേിയയ്ക്ക് എതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത് കെ.എല്‍. രാഹുലിന്റെ ബാറ്റുകളായിരുന്നു.

മുന്‍നായകന്‍ വിരാട്‌കോഹ്ലിയുമായി ക്രീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ രാഹുല്‍ പുറത്താകാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അദ്ദേഹം പുറത്താകാതെ നേടിയ 97 റണ്‍സ് ഇന്ത്യയെ ആറ് വിക്കറ്റിന്റെ വിജയത്തിലേക്ക് കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായി. വിരാട് കോഹ്ലിയുമായി ഉണ്ടാക്കിയ സുപ്രധാന കൂട്ടുകെട്ടാണ് ഇന്ത്യയെ അവിസ്മരണീയമായ വിജയത്തിലേക്ക് നയിച്ചത്.

ആദ്യ രണ്ട് ഓവറുകള്‍ക്കുള്ളില്‍ വെറും രണ്ടു റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായി ഇന്ത്യ ആടിയുലഞ്ഞപ്പോള്‍, രാഹുല്‍ ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്നു. സെഞ്ച്വറിയിലെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും നാല്‍പ്പത്തിരണ്ടാം ഓവറില്‍ ഒരു സിക്‌സറിലൂടെ അദ്ദേഹം വിജയം ഉറപ്പിച്ചു. വളരെ ശ്രദ്ധയോടെ കളിച്ച രാഹുല്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സറും മാത്രമാണ് അടിച്ചത്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് പുറകില്‍ എത്താനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ എങ്കിലും ഇന്ത്യയ്‌ക്കൊപ്പം തന്റേയും ഉജ്വല തിരിച്ചുവരവ് കൊണ്ടുവരാന്‍ കെ.എല്‍. രാഹുലിനായി.

നഷ്ടമായെങ്കിലും താന്‍ ലക്ഷ്യം വെച്ചത് മൂന്നക്കമായിരുന്നുവെന്ന് ബാറ്റര്‍ സമ്മതിച്ചു. സെഞ്ച്വറി നേടണമെന്ന് ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അത് അടുത്ത കളിയില്‍ നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പ്രസന്റേഷനില്‍ പറഞ്ഞു. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ, ശ്രേയസ് അയ്യര്‍ എന്നീ മൂന്ന് സുപ്രധാന വിക്കറ്റുകള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇന്ത്യ പരാജയം ഭയക്കുന്ന സാഹചര്യത്തിലാണ് വിരാട് കോഹ്ലിയും (85) രാഹുലും ചേര്‍ന്ന് നടത്തിയ അത്ഭുതകരമായ തിരിച്ചുവരവ് നടത്തി ഓസീസിന് മേല്‍ ഇന്ത്യ ആധിപത്യം നേടിയത്.