Movie News

കേസരി സിനിമ വിവാദമാകാന്‍ കാരണം ജനറല്‍ ഡയറിന്റെ മകള്‍; ചുട്ടമറുപടി കൊടുത്ത് അക്ഷയ്കുമാറും കരണ്‍ജോഹറും

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാന്‍ പറ്റാത്ത മുറിവുകളില്‍ ഒന്നായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല വിഷയമാക്കുന്ന സിനിമ കേസരിയുടെ രണ്ടാം ഭാഗത്തിനായി ചരിത്രാന്വേഷികളായ സിനിമാ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമ അടുത്തയാഴ്ച പ്രദര്‍ശനത്തിനായി എത്താനിരിക്കെ വെടിപൊട്ടിച്ചിരിക്കുകയാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ജനറല്‍ ഡയറിന്റെ ചെറുമകള്‍ കരോലിന്‍ ഡയര്‍. അവരുടെ വൈറല്‍ വീഡിയോയ്ക്ക് മറുപടിയുമായി സൂപ്പര്‍താരം അക്ഷയ്കുമാറും സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനായ കരണ്‍ജോഹറും എത്തിയിരിക്കുകയാണ്.

വീഡിയോയില്‍, ജാലിയന്‍വാലാബാഗില്‍ അന്ന് അവിടെ തടിച്ചുകൂടിയവര്‍ ‘കൊള്ളക്കാരാണ്’ എന്ന് കരോലിന്‍ നടത്തിയ വിവാദപരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയത്. നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ ഒരു പത്രസമ്മേളനത്തിനിടെ തന്റെ പ്രതികരണം പങ്കുവെച്ചിരുന്നു. ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചപ്പോള്‍, കരണ്‍ മടിച്ചുനിന്നില്ല. കരോലിനെ രൂക്ഷമായി വിമര്‍ശിച്ചു. അവര്‍ ഇപ്പോഴും സ്വന്തം ലാലാ ലാന്റില്‍ ജീവിക്കുകയാണ്. വെറുതേ ഒരു വ്യാമോഹമായി പറഞ്ഞതാണെങ്കില്‍ പോലും അത് തന്റെ രക്തം തിളപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട ക്ലിപ്പില്‍, കുപ്രസിദ്ധ ബ്രിട്ടീഷ് ആര്‍മി ഓഫീസര്‍ ”ഒരു മാന്യനായ മനുഷ്യനായിരുന്നു കേണല്‍ ഡയര്‍, ഇന്ത്യക്കാര്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നയാള്‍” എന്ന് കരോലിന്‍ പറഞ്ഞു. ഇരയുടെ ബന്ധുക്കളുമായുള്ള സംഭാഷണത്തിനിടെ, ”ചരിത്രം ചരിത്രമാണെന്ന് ഞാന്‍ കരുതുന്നു, നിങ്ങള്‍ അത് അംഗീകരിക്കണം” എന്ന് പോലും അവര്‍ പറഞ്ഞു. ഇതിന് മറുപടിയുമായി നടന്‍ അക്ഷയ്കുമാറും എത്തി. ”ഒരു രാജ്യത്തിന്റെ ആഘാതം മറ്റൊരു രാജ്യത്തിന്റെ പാഠമാണ്. അതാണ് അവര്‍ ഒരിക്കലും മനസ്സിലാക്കാത്തതും ചരിത്രം ചരിത്രമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതും. കരണ്‍ പറഞ്ഞതിനെയും അദ്ദേഹം അത് പറഞ്ഞ രീതിയെയും ഞാന്‍ അഭിനന്ദിക്കുന്നു.” നടന്‍ പറഞ്ഞു.

1919 ഏപ്രില്‍ 13 ന് ഇന്ത്യയിലെ അമൃത്സറില്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്നുണ്ടായ നിയമപോരാട്ടമാണ് സിനിമയുടെ തുടര്‍ച്ചയില്‍ പറയുന്നത്. ദുരന്തത്തിന്റെ അനന്തരഫലമായി ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച പ്രശസ്ത ഇന്ത്യന്‍ ബാരിസ്റ്ററും കേരളത്തില്‍ വേരുകളുള്ള സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരെ ചുറ്റിപ്പറ്റിയുള്ള ഒരു കോടതിമുറി നാടകമാണ് ഈ ചിത്രം. അനന്യ പാണ്ഡെ, ആര്‍ മാധവന്‍, മറ്റ് പ്രധാന വേഷങ്ങള്‍ എന്നിവരും ഇതില്‍ അഭിനയിക്കുന്നു. കേസരി: രണ്ടാം അധ്യായം ഏപ്രില്‍ 18 ന് പ്രദര്‍ശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *