Movie News

ഫഹദിന്റെ കഥാപാത്രം സമുദായത്തെ അപമാനിക്കുന്നു; വീട്ടില്‍ കയറി കൈകാര്യം ചെയ്യുമെന്ന് കര്‍ണി സേനയുടെ ഭീഷണി

ലോകം മുഴുവന്‍ വന്‍ നേട്ടമുണ്ടാക്കി പുഷ്പ 2 കുതിക്കുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കും പഞ്ഞമില്ല. സിനിമയില്‍ വില്ലനായി എത്തിയ ഫഹദിന്റെ ക്യാരക്ടറിനെ സംബന്ധിച്ച സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ഉണ്ടാകുന്നത്. എന്നാല്‍ സിനിമയിലെ ഫഹദിന്റെ വില്ലന്‍വേഷം ക്ഷത്രിയ സമൂഹത്തെ അപമാനിക്കുന്നതായിരുന്നു എന്ന് വിമര്‍ശിച്ചുകൊണ്ട് കര്‍ണി സേന സിനിമയ്ക്ക് എതിരേ രംഗത്ത് വരികയും സിനിമയുടെ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

കര്‍ണിസേനയുടെ തലവന്മാരില്‍ ഒരാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് തന്നെ ഇട്ടിരിക്കുകയാണ്. സിനിമയുടെ സൃഷ്ടാക്കള്‍ സിനിമയിലെ വില്ലനായ ശെഖാവത്തിന്റ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് ക്ഷത്രിയ സമൂഹത്തെ വലിയ രീതിയില്‍ അപമാനിക്കുന്ന തരത്തിലാണ്. സിനിമയില്‍ ‘ശെഖാവത്ത്’ എന്ന് ആവര്‍ത്തിച്ച് പറയുന്നത് തങ്ങളുടെ സമുദായത്തെ പരസ്യമായി അപമാനിക്കുന്നതിന്റെ പ്രധാന സൂചനയാണെന്നും അത് സിനിമയുടെ സൃഷ്ടാക്കള്‍ തന്നെ ഒഴിവാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയുടെ ഉടനീളം വരുത്തിയരിക്കുന്ന ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിര്‍മ്മാതാക്കളെ അവരുടെ വീടിനുള്ളില്‍ കയറി കൈകാര്യം ചെയ്യുമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ഭീഷണിയും മുഴക്കിയിട്ടുണ്ട്. സംഭവത്തോട് സിനിമയുടെ അണിയറക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് മുതല്‍ വിവാദമാണ്. ഡിസംബര്‍ 4 ന് ചിത്രത്തിന്റെ പ്രീമിയര്‍ രാത്രിയില്‍ അല്ലു അര്‍ജുന്‍ ഹൈദരാബാദിലെ ഐക്കണിക് സന്ധ്യ തിയേറ്ററില്‍ പങ്കെടുത്തപ്പോള്‍ തിക്കിലും തിരക്കിലും പെട്ടു ഒരു സ്ത്രീ മരണമടഞ്ഞിരുന്നു. സംഭവത്തില്‍ ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും തിയേറ്റര്‍ ഉടമയും മറ്റ് രണ്ട് പേരും ഇതിനോടകം അറസ്റ്റിലാകുകയും ചെയ്തു. ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ആവശ്യമെങ്കില്‍ കുടുംബത്തിന്റെ ആശുപത്രി ചിലവുകള്‍ വഹിക്കുമെന്നും വാഗ്ദാനം ചെയ്തു. വിവാദം ഉണ്ടാകുമ്പോഴും സിനിമ വന്‍ മുന്നേറ്റം നടത്തുകയാണ്. ഇതുവരെ 600 കോടിയാണ് സിനിമ നേടിയത്.