Crime

കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവ് ഗോഗ മേദിയെ വീട്ടിനുള്ളില്‍ കയറി വെടിവെച്ചു കൊന്നു ; ഞെട്ടിക്കുന്ന വീഡിയോ

ജയ്പൂരില്‍ രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയെ വീടിനുള്ളില്‍ വെച്ച് അജ്ഞാതരായ ചില അക്രമികള്‍ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഗോഗമേദിയ്ക്കൊപ്പമുള്ള സംഭവത്തിനിടെ അവിടെയുണ്ടായിരുന്ന ഗാര്‍ഡ് അജിത് സിങ്ങിന് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു. നിലവില്‍ ഐസിയുവില്‍ കഴിയുന്ന ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തതായി പ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം രോഹിത് ഗോദാര ഫേസ്ബുക്കില്‍ കുറിച്ചു.

കൊലപാതകത്തിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കര്‍ണസേനാ തലവനു നേരെ രണ്ടുപേര്‍ പല തവണ വെടിയുതിര്‍ക്കുന്നതും വാതില്‍ക്കല്‍ നില്‍ക്കുന്ന മറ്റൊരാളെ വെടിവയ്ക്കുന്നതും വീഡിയോയിലുണ്ട്. വെടിയേറ്റ് ഗോഗമേദി തറയില്‍ വീഴുന്നത് കാണാം.സംഭവത്തെത്തുടര്‍ന്ന് ഗോഗമേദിയെ ഉടന്‍ തന്നെ മെട്രോ മാസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ജയ്പൂര്‍ പോലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ്ജ് ജോസഫ് പറഞ്ഞു. ഏറ്റുമുട്ടലില്‍ നവീന്‍ സിംഗ് ഷെഖാവത്ത് എന്ന അക്രമിയും കൊല്ലപ്പെട്ടു.

ജയ്പൂരിലെ ഷാപുരയില്‍ താമസിക്കുന്ന ഷെഖാവത്ത് തുണിക്കട നടത്തിയിരുന്നു.മറ്റ് രണ്ട് അക്രമികള്‍ ഒരു സ്‌കൂട്ടി തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോകുന്നതിന് മുമ്പ്, അവര്‍ സ്‌കൂട്ടിയില്‍ എത്തിയയാളെയും വെടിവച്ചു. അയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. മൂന്ന് പ്രതികളും സുരക്ഷാ ഗാര്‍ഡ് മുഖേന സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ അനുമതി തേടിയാണ് വീട്ടില്‍ പ്രവേശിച്ചത്. അദ്ദേഹത്തെ കാണാന്‍ അനുവദിച്ചതിന് ശേഷം അവര്‍ മുറിയില്‍ പ്രവേശിച്ച് സോഫയില്‍ ഇരുന്നു കര്‍ണി സേന മേധാവിയുമായി ഏകദേശം 10 മിനിറ്റോളം സംസാരിച്ചു, അതിനുശേഷമായിരുന്നു എഴുന്നേറ്റ് വെടിവെച്ചത്. രോഹിത് ഗോദര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു,

‘സഹോദരന്മാരേ, ഇന്ന് സുഖ്ദേവ് ഗോഗമേദി കൊല്ലപ്പെട്ടു, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ണി സേന അനുകൂലികള്‍ ജയ്പൂരില്‍ തെരുവിലിറങ്ങി. മെട്രോ മാസ് ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനവും നടത്തി. ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ മാനസരോവറിലെ റോഡുകള്‍ ഉപരോധിച്ചു.