Movie News

രജനീകാന്ത് സിനിമയ്ക്ക് കോടികളുടെ പ്രതിഫലം വാങ്ങാന്‍ കാരണം കമല്‍ഹാസന്‍

പരസ്പര ബഹുമാനത്തോടെ ഫീല്‍ഡില്‍ തുടരുന്ന തമിഴ്‌സിനിമയുടെ രണ്ടു തൂണുകളാണ് കമല്‍ഹാസനും രജനീകാന്തും. അടുത്തിടെ രണ്ടുപേരും അഭിനയിച്ച സിനിമകളൊക്കെത്തന്നെ വന്‍ ഹിറ്റും വന്‍തുക നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. 40 വര്‍ഷത്തോളം തമിഴ്‌സിനിമയില്‍ പ്രവര്‍ത്തിച്ച് ഇത്രയും അടുത്ത സുഹൃത്തുക്കളായ ഇവര്‍ രണ്ടുപേരെയും കുറിച്ച് കൗതുകകരവും കേള്‍ക്കാത്തതുമായ പല വിവരങ്ങളും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്.

അതിലൊന്ന് രജനീകാന്തിന്റെ പ്രതിഫലം സംബന്ധിച്ചുള്ളതാണ്. രജനീകാന്ത് കോടികളുടെ പ്രതിഫലം ചോദിച്ചുവാങ്ങാന്‍ കാരണം കമല്‍ഹാസനാണത്രേ…ഒരുകാലത്ത് തമിഴ്‌സിനിമയിലെ സുപ്രധാന എതിരാളികളായിരുന്നു രജനീകാന്തും കമല്‍ഹാസനും. തമിഴ് സിനിമയിലെ ഒരു യുഗത്തിന്റെ കൊടുമുടിയിലായിരുന്നു രണ്ടുപേരും. അക്കാലത്ത് സൂപ്പര്‍സ്റ്റാര്‍ ആയിരുന്നെങ്കിലും രജനികാന്തിന് അക്കാലത്ത് പല നിര്‍മ്മാതാക്കളും കൊടുത്തിരുന്ന പ്രതിഫലം വളരെ കുറവായിരുന്നു. കമല്‍ഹാസന്‍ ഇത് ശ്രദ്ധിക്കുകയും ചെയ്തു.

ഒരു ദിവസം കമല്‍ തന്നെ രജനിയോട് സംസാരിച്ചു. നിങ്ങള്‍ ഇപ്പോള്‍ സിനിമയുടെ കൊടുമുടിയിലാണ്. പക്ഷേ, ചില നിര്‍മ്മാതാക്കള്‍ നിങ്ങളെ മുതലെടുക്കുകയും നിങ്ങളുടെ കൂലി കുറച്ചു നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് ഒരു കോടി പ്രതിഫലം ചോദിക്കൂ എന്നാണ് കമല്‍ പറഞ്ഞത്. കമല്‍ പറഞ്ഞതിന് ശേഷമുള്ള അടുത്ത ചിത്രങ്ങളില്‍ രജനികാന്ത് ശമ്പളമായി ഒരു കോടി ചോദിക്കുകയും ചെയ്തു. പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് ഈ വിവരം നല്‍കിയതെന്നത് ശ്രദ്ധേയമാണ്.