Celebrity

ആരാധകന്റെ ജന്മദിനത്തില്‍ 22,500 രൂപ വില വരുന്ന ഷൂ സമ്മാനമായി നല്‍കി ജോണ്‍ എബ്രഹാം

ബോളിവുഡ് സൂപ്പര്‍താരമാണ് നടന്‍ ജോണ്‍ എബ്രഹാം. അഭിനേതാവായും നിര്‍മ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. തന്റെ ഏറ്റവും വലിയ ഒരു ആരാധകന്റെ ജന്മദിനത്തില്‍ വില കൂടിയ സമ്മാനം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുകയാണ് ജോണ്‍ എബ്രഹാം ഇപ്പോള്‍. താരം തന്റെ ‘ഏറ്റവും വലിയ’ ആരാധകനായ അക്ഷയ് കേദാരി എന്ന യുവാവിനാണ് 22,500 രൂപ വില വരുന്ന ഒരു ജോടി ഷൂ സമ്മാനമായി നല്‍കിയത്. അക്ഷയ്, ജോണ്‍ എബ്രഹാമിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

വില കൂടിയ ഷൂസ് വാങ്ങി നല്‍കിയതിനൊപ്പം തന്നെ അക്ഷയ്‌ക്കൊപ്പം താരം കേക്ക് മുറിയ്ക്കുകയും ചെയ്തു. ജോണ്‍ എബ്രഹാമിനോടൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് അക്ഷയ് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ‘ ജോണ്‍ എബ്രഹാം സര്‍ ഈ പ്രീമിയം ഇറ്റാലിയന്‍ റൈഡിംഗ് ഷൂ എന്റെ ജന്മദിനത്തില്‍ എനിക്ക് സമ്മാനിച്ചു. 22,500 രൂപ വിലമതിക്കുന്നു… വളരെ നന്ദി സര്‍” – അക്ഷയ് കുറിച്ചു.

ജോണ്‍ തന്റെ ഏറ്റവും വലിയ ആരാധകനോടൊപ്പം ചിലവഴിയ്ക്കുന്ന വീഡിയോകള്‍ വൈറലായിരിക്കുകയാണ്. ഒരു വീഡിയോയില്‍, ജോണ്‍ ആരാധകനോടൊപ്പം ജന്മദിന കേക്ക് മുറിക്കുന്നതാണ് കാണുന്നത്. കേക്ക് മുറിച്ച് ആരാധകന്റെ വായില്‍ വെച്ചു കൊടുക്കുന്നു. മറ്റൊരു ക്ലിപ്പില്‍, നടന്‍ താന്‍ സമ്മാനിച്ച പുതിയ ഷൂ അക്ഷയ്‌യെ ധരിക്കാന്‍ മുട്ടുകുത്തി നിന്ന് സഹായിക്കുന്നതാണ് കാണുന്നത്. ഷര്‍വാരി വാഗ്, അഭിഷേക് ബാനര്‍ജി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ‘വേദ’ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജോണ്‍ എബ്രഹാമിന്റെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 12-നാണ് വേദ തിയേറ്ററുകളില്‍ എത്തുന്നത്.