Hollywood

ജെന്നിഫര്‍ ലോപ്പസ് വിവാഹനിശ്ചയം നടത്തിയത് ആറ് തവണ ; വിവാഹമോതിരങ്ങളുടെ മൂല്യം കോടികള്‍

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പോപ്പ് താരങ്ങളില്‍ ഒരാളാണ് ജെന്നിഫര്‍ ലോപ്പസ്. ഗായിക, നടി, സംഗീതം, ഫാഷന്‍, സിനിമകള്‍ എന്നിങ്ങനെ ലോകമെമ്പാടും അറിയപ്പെടുന്ന അവരുടെ ഏകദൗര്‍ബല്യം പ്രണയമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് അറിയാവുന്നത് പോലെ 1997 നും 2023 നും ഇടയില്‍ ആറ് തവണയാണ് നടി വിവാഹനിശ്ചയം നടത്തിയത്.

ഓരോ കാമുകന്മാരില്‍ നിന്നും നടി അണിഞ്ഞ വിവാഹ മോതിരങ്ങളുടെ വില കോടികളാണ്. അമേരിക്കന്‍ സുന്ദരിയുടെ ജീവിതത്തിലേക്ക് ആദ്യം കയറിവന്നത് റെസ്‌റ്റോറന്റ് ഉടമ ഓജാനി നോവയായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ അക്കാര്യം ലോകത്തെ അറിയിക്കാന്‍ നോവ നടിയുടെ വിരലില്‍ അണിയിച്ചത് ഒരുലക്ഷം ഡോളര്‍ വിലയുള്ള മോതിരമായിരുന്നു. ഒരു സ്വര്‍ണ്ണ ബാന്‍ഡില്‍ സജ്ജീകരിച്ച ഒരു പിയര്‍ ആകൃതിയിലുള്ള വജ്രത്തോടുകൂടിയ മോതിരം ജെന്നിഫര്‍ അണിഞ്ഞു. 1997 ഫെബ്രുവരി 22 ന് വിവാഹിതരായെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ 1998 ജനുവരിയില്‍ വിവാഹമോചനം നേടി.

നോവയുമായുള്ള വിവാഹജീവിതത്തിന് പിന്നാലെ ക്രിസ് ജൂഡില്‍ നിന്നും ജെന്നിഫര്‍ ലോപ്പസിന്റെ രണ്ടാമത്തെ വിവാഹനിശ്ചയ മോതിരം വന്നു. 2001-ല്‍ ഒരു ബാക്കപ്പ് നര്‍ത്തകിയായിരുന്നപ്പോള്‍ അവളുടെ ‘ലവ് ഡോണ്ട് കോസ്റ്റ് എ തിംഗ്’ എന്ന മ്യൂസിക് വീഡിയോയുടെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും ഉടന്‍ പ്രണയത്തിലായി. ആറ് അക്കങ്ങള്‍ വിലയുള്ള ഒരു മരതകം വെച്ച മോതിരമാണ് ഇത്തവണ ജെന്നിഫറിന്റെ വിരലില്‍ വീണത്. ഈ വിവാഹം ഒരു വര്‍ഷത്തിലധികം നീണ്ടുനിന്നു.

അടുത്ത ഊഴം നടനും സംവിധായകനുമായ ബെന്‍ അഫ്‌ളക്കിന്റേതായിരുന്നു. 2001-ല്‍ പുറത്തിറങ്ങിയ അവരുടെ ഗിഗ്ലി എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇരുവരുടേയും കണ്ടുമുട്ടല്‍. വിവാഹനിശ്ചയം നടത്തിയപ്പോള്‍, ‘ബാറ്റ്മാന്‍ വി സൂപ്പര്‍മാന്‍’ നടന്‍ ഗായികയ്ക്ക് 6.10 കാരറ്റ് റേഡിയന്റ് കട്ട് പിങ്ക് ഹാരി വിന്‍സ്റ്റണ്‍ ഡയമണ്ട് മോതിരമാണ് നല്‍കിയത്. 1.2 മില്യണ്‍ ഡോളറായിരുന്നു ഇതിന്റെ വില. 2004-ല്‍ ചടങ്ങു നടക്കാനിരുന്നതിന് ഒരു ദിവസം മുമ്പ് അവര്‍ തങ്ങളുടെ വിവാഹം റദ്ദാക്കി വേര്‍പിരിഞ്ഞു. ജെന്നിഫര്‍ ഈ മോതിരം ഒരിക്കലും അഫ്‌ളക്കിന് തിരികെ നല്‍കിയതുമില്ല.

ബെന്‍ അഫ്‌ലെക്കില്‍ നിന്നുള്ള ഞെട്ടിക്കുന്ന വേര്‍പിരിയലിന് ശേഷം, ലോപ്പസ് ഗായകന്‍ മാര്‍ക്ക് ആന്റണിയുമായി ഡേറ്റിംഗ് ആരംഭിച്ചു. ഹാരി വിന്‍സ്റ്റണില്‍ നിന്ന് 4 മില്യണ്‍ ഡോളര്‍ വില കണക്കാക്കുന്ന 8.5 കാരറ്റ് നീല മരതകം മുറിച്ച ഡയമണ്ട് മോതിരം നല്‍കി അയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തി. 1998-ല്‍ പോള്‍ സൈമണിന്റെ ബ്രോഡ്വേ ഷോയായ ദി കേപ്മാന്‍ എന്ന പരിപാടിയില്‍ സ്റ്റേജിന് പിന്നില്‍ ആദ്യമായി കണ്ടുമുട്ടിയ ദമ്പതികള്‍ 2003-ല്‍ വിവാഹിതരായി. ഏഴുവര്‍ഷം ദാമ്പത്യം നീണ്ടു നിന്നപ്പോള്‍ രണ്ടു മക്കളുണ്ടായി. 2011-ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയും 2015-ല്‍ വിവാഹമോചനം നേടുകയും ചെയ്തു.

2005 ല്‍ ഭര്‍ത്താവ് മാര്‍ക്ക് ആന്റണിയുമൊത്ത് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള ഷീ സ്റ്റേഡിയത്തില്‍ ഒരു സൗഹൃദ ബേസ്‌ബോള്‍ ഗെയിമിനിടയില്‍ കണ്ടുമുട്ടിയ അലക്‌സ് റോഡ്രിഗസുമായും ജെ ലോ ഡേറ്റിംഗിലായി. 2017 ല്‍ ആരംഭിച്ച ഡേറ്റിംഗ് 2019 മാര്‍ച്ചില്‍ വിവാഹാലോചനയില്‍ എത്തി. ഒരു വലിയ മരതകം മുറിച്ച വജ്രമോതിരം അവളുടെ വിരലില്‍ കൊരുത്തു. 15 കാരറ്റ് ആണെന്ന് പറയപ്പെടുന്ന മോതിരത്തിന്റെ വില 1-3 ദശലക്ഷം ഡോളറാണ്. 2021 ന്റെ തുടക്കത്തില്‍ ദമ്പതികള്‍ വിവാഹനിശ്ചയം നിര്‍ത്തി. പിരിഞ്ഞു.

ജെന്നിഫര്‍ ലോപ്പസിന്റെ ഇപ്പോഴത്തെ (അവസാനം) വിവാഹനിശ്ചയ മോതിരം പഴയ ഭര്‍ത്താവ് ബെന്‍ അഫ്‌ലെക്കിന്റേതാണ്. 2021-ല്‍ വീണ്ടും പ്രണയം ആരംഭിച്ച ഇരുവരും 2022 ജൂലൈ 16-ന് വിവാഹിതരായതായി. 8.5 കാരറ്റ് നാച്ചുറല്‍ ഗ്രീന്‍ ഡയമണ്ട് ത്രീ-സ്റ്റോണ്‍ എന്‍ഗേജ്മെന്റ് മോതിരമാണ് കിട്ടിയത്. ഏകദേശം 5-8 ദശലക്ഷം ഡോളറാണ് കണക്കാക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇവര്‍ക്കിടയില്‍ വീണ്ടും പ്രശ്‌നങ്ങളായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.