Movie News

ബോളിവുഡിനെ രക്ഷിച്ച് ഷാരുഖ്: വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് ഹിന്ദി സിനിമ ലോകം

കോവിഡും മറ്റ് സാഹചര്യങ്ങളും തിയേറ്റര്‍ ബിസിനസിനെ വളയെധികം മോശമാക്കിയിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകള്‍ സാധാരണ നിലയിലേയ്ക്ക് എത്തി തുടങ്ങുകയാണ്. വളരെക്കാലമായി ഒരു വമ്പന്‍ ഹിറ്റിന്റെ അഭാവം ബോളിവുഡ് സിനിമയ്ക്ക് ഉണ്ടായിരുന്നു. ഇത് ഇന്‍ഡസ്ട്രിക്ക് തന്നെ വലിയ തിരിച്ചടിയായിരുന്നു നല്‍കിയത്. അപ്പോഴാണ് ജവാനും പത്താനും ഗദര്‍ 2 വിന്റെയും വിജയം ബോളിവുഡിന് പുത്തന്‍ ഉണര്‍വ് നല്‍കിയത്.

2019-ല്‍ ഒരുപിടി മികച്ച ചിത്രങ്ങളുടെ പിന്‍ബലത്തോടെ ബോളിവുഡ് 4200 കോടി രൂപ കളക്ട് ചെയ്തിരുന്നു. 2020 ലും 2021 ലും കോവിഡ് മൂലം സിനിമാശാലകള്‍ അടച്ചിട്ടു. 2022-ല്‍ 1950 കോടി രൂപ നേടി ബോളിവുഡ് മടങ്ങി വന്നു. എന്നാല്‍ 2023-ലെ വിജയം അതിനും മുകളിലായിരുന്നു. കോവിഡിന് മുന്‍പത്തെ അവസ്ഥയിലേയ്ക്ക് ഹിന്ദി സിനിമ ലോകം തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവാണ് പുതിയ സിനിമകളുടെ വിജയങ്ങള്‍.

ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 41 ശതമാനം കൂടുതലാണ്. മാത്രമല്ല അനിമല്‍, ഡങ്കി, ടൈഗര്‍ 3 പോലുള്ള വമ്പന്‍ റീലിസുകള്‍ ഈ വര്‍ഷം വരാനിരിക്കുന്നു. ഈ മൂന്നു ചിത്രങ്ങളിലൂടെ മാത്രം ഒരു 1200 കോടിരൂപ കളക്ട് ചെയ്യാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഷാരുഖ് ഖാന്റെ പത്താന്‍ ലോകമെമ്പാടും 1050 കോടി കളക്ട് ചെയ്തുെകാണ്ടാണ് ഈ വര്‍ഷം ആരംഭിച്ചത്. പിന്നീട് സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 മികച്ച പ്രകടനം കാഴ്ച്ചവച്ചു കൊണ്ട് ഏകദേശം 522 കോടി രൂപ നേടി.

പിന്നാലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജവാന്‍ എത്തി. ഈ വര്‍ഷം സെപ്റ്റംബറോടെ 2750 കോടിയാണ് ഹിന്ദിസിനിമ ലോകം നേടിയിരിക്കുന്നത്. ഈ വര്‍ഷം 2019-ലെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ 2023 ഹിന്ദി സിനിമ വ്യവസായത്തെ സംബന്ധിച്ച് വലിയ നാഴിക കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാകുന്നുണ്ട് എങ്കിലും ചെറു ഹിറ്റുകളുടെ അഭാവം ഹിന്ദി സിനിമ വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നതും വസ്തവമാണ്.