Sports

തൊട്ടുപിന്നാലെ ലോകകപ്പും വരികയാണ് ; ഇതാണ് പറയുന്നത് ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്താനാകില്ലെന്ന്

ഏറെക്കുറെ ഒരുപോലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രണ്ട് കളിക്കാര്‍ ഇന്ത്യയുടെ ഏറ്റവും ആവേശകരമായ ക്രിക്കറ്റ് താരങ്ങളായി മാറി. തകര്‍പ്പന്‍ സ്ട്രോക്ക് പ്ലേയിലൂടെ ലോകമെമ്പാടുമുള്ള കാണികളുടെ പ്രിയങ്കരനായി മാറിയ ഋഷഭ് പന്തും അസാധാരണമായ ആക്ഷന്‍, പേസ്, നിയന്ത്രണം എന്നിവയിലൂടെ ജസ്പ്രീത് ബുംറയും. രണ്ടു പേരും ഏറെ താമസിയാതെ ടീമിന്റെ കുന്തമുനയായി മാറി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 25 കാരനായ പന്ത് ഒരു ഭീകരമായ കാര്‍ അപകടത്തില്‍ പെട്ടു ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തിരിച്ചുവരവിന്റെ പാതയിലാണ്. നട്ടെല്ലിന് പരിക്കേറ്റു ഒരു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന 29 കാരനായ ബുംറ നിലവില്‍ ഏഷ്യാ കപ്പിനായി ശ്രീലങ്കയിലുള്ള ടീമിനൊപ്പം ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധാകേന്ദ്രമാണ്. അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പിലുമാണ്.

ഒരു വര്‍ഷത്തോളം ടീമില്‍ നിന്നും മാറി നിന്ന ശേഷം അയര്‍ലന്റിനെതിരേയുള്ള പരമ്പരയിലൂടെയാണ് ബുംറ തിരിച്ചുവരവ് നടത്തിയത്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുമായി ബുംറയുടെ തിരിച്ചുവരവ് നാടകീയമായിരുന്നു. മണക്കൂറില്‍ 139 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുകയും ചെയ്തു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് ശേഷമാണ് ബുംറ ടീമിന് പുറത്തായത്.

വിക്കറ്റ് വീഴ്ത്തുന്ന ബുംറ ഒരു റണ്‍ സ്‌കോറിംഗ് ബാറ്റ്‌സ്മാനേക്കാള്‍ ഇന്ത്യന്‍ ടീമിന് വിലപ്പെട്ടതാണ്. ബാറ്റ്‌സ്മാന്‍മാരുടെ ഒരു കൂട്ടം തന്നെ ഇന്ത്യയിലുണ്ട്, എന്നാല്‍ ബൗളര്‍ എന്ന നിലയില്‍ ബുംറയ്ക്ക് പകരക്കാരന്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല. 75 ഏകദിനങ്ങളില്‍ 124 വിക്കറ്റ് നേടിയിട്ടുള്ള ബുംറ 30 ടെസ്റ്റുകളില്‍ 128 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 62 ടി 20 മത്സരങ്ങളില്‍ 74 വിക്കറ്റുകളും നേടിയിട്ടുണ്ട്.