Sports

‘എന്റെ സ്മാഷ് താങ്ങാന്‍ ബുമ്രയ്ക്കാവില്ല’; പരിഹസിച്ച താരത്തിന്റെ വായടപ്പിച്ച് സൈന

ബാഡ്മിന്റനാണോ ക്രിക്കറ്റാ​ണോ മികച്ച കളി എന്നതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലുയര്‍ന്ന ചര്‍ച്ചയില്‍ തന്നെ ചൊടിപ്പിച്ച കമന്റിന് തക്ക മറുപടികൊടുത്ത് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍. കല്‍ക്കത്തയുടെ ബാറ്റര്‍ അങ്ക്രിഷ് രഘുവംശിയുടെ കമന്റാണ് സൈനയെ ചൊടിപ്പിച്ചത്. ‘മണിക്കൂറില്‍ കിലോമീറ്റര്‍ വേഗതയില്‍ ബുമ്ര ബൗണ്‍സര്‍ എറിഞ്ഞാല്‍ അവരെന്ത് ചെയ്യും? ‘ ഇതായിരുന്നു അങ്ക്രിഷിന്റെ പോസ്റ്റ്. എന്നാല്‍ ട്വീറ്റില്‍ വിവാദം കത്തിപ്പടര്‍ന്നു. തുടര്‍ന്ന് അങ്ക്രിഷ് പോസ്റ്റ് വിവദ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് തടിതപ്പി. തന്റേത് പക്വതയില്ലാത്ത തമാശയായിപ്പോയെന്നും ഖേദിക്കുന്നുവെന്നുമായിരുന്നു അങ്ക്രിഷിന്റെ കുറിപ്പ്. പക്ഷേ വിട്ടുകൊടുക്കാന്‍ സൈന തയാറായിരുന്നില്ല. പോഡ്കാസ്റ്റിലൂടെ വായടപ്പിക്കുന്ന മറുപടിയാണ് സൈന നല്‍കിയത്.

‘വിരാട് കോലിയും രോഹിത് ശര്‍മ്മതും ആ നിലയിലേക്ക് ഉയര്‍ന്നതെങ്ങനെയാണ്? എല്ലാ ബാറ്റര്‍മാര്‍ക്കും അതുപോലെ ആകാന്‍ കഴിഞ്ഞോ? കഴിയില്ല. ഒന്നാമനാകാന്‍ കഠിനാധ്വാനവും പ്രതിഭയും ആവശ്യമാണ്. നിങ്ങള്‍ പറഞ്ഞതെനിക്ക് മനസിലായി, പക്ഷേ ഞാനവിടെ മരിച്ച് വീഴുകയൊന്നുമില്ല. ഞാനെന്തിന് ബുമ്രയെ നേരിടണം 8 വര്‍ഷം ക്രിക്കറ്റ് കളിച്ചാല്‍ ഈ ചോദ്യത്തിന് എനിക്ക് മറുപടി നല്‍കാനാകും. പക്ഷേ ബുമ്ര എന്നോടൊപ്പം ബാഡ്മിന്റണ്‍ കളിക്കാന്‍ വന്നാല്‍, എന്റെ സ്മാഷ് താങ്ങാന്‍ ബുമ്രയ്ക്കാവില്ല’’ സൈന തീര്‍ത്തുപറഞ്ഞു.

സ്വന്തം രാജ്യത്ത് ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പോരടിക്കേണ്ടവരല്ല നമ്മള്‍. എല്ലാ കായിക ഇനങ്ങള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. കായികതാരങ്ങള്‍ക്ക് പരസ്പര ബഹുമാനം കൂടി ആവശ്യമാണ്. അല്ലെങ്കില്‍ എന്ത് തരം കായിക സംസ്‌കാരമാണ് നിങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്നും സൈന ചോദിച്ചു.