ജപ്പാനിലെ രാജകുമാരന്‍ ഹിസാഹിറ്റോ പ്രായപൂര്‍ത്തിയായതായി പ്രഖ്യാപനം. രാജകുടുംബ ആരാധകര്‍ക്ക് ആഘോഷം. 40 വര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയായ ആദ്യത്തെ പുരുഷ രാജകുടുംബാംഗമാണ് അദ്ദേഹം.
ചക്രവര്‍ത്തി നരുഹിറ്റോയുടെ മരുമകനായ ഹിസാഹിറ്റോ(19) സിംഹാസനത്തിനുള്ള അവകാശികളുടെ പട്ടികയില്‍ രണ്ടാം സ്‌ഥാനത്തെത്തി. അദ്ദേഹത്തിന് ശേഷം മറ്റ് പുരുഷ അവകാശികള്‍ നിലവിലില്ല. ജപ്പാനില്‍ പുരുഷന്മാര്‍ക്കു മാത്രമേ ചക്രവര്‍ത്തിയാകാനാകൂ.
കഴിഞ്ഞ വര്‍ഷം 18 വയസ് പൂര്‍ത്തിയായെങ്കിലും സര്‍വകലാശാല പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുകയായിരുന്നു. മാറ്റിവച്ച അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തി ആഘോഷം ശനിയാഴ്‌ച അദ്ദേഹത്തിന്റെ കുടുംബ വസതിയില്‍ ആരംഭിച്ചു. അവിടെ ചക്രവര്‍ത്തിയുടെ ദൂതനില്‍നിന്ന് അദ്ദേഹത്തിന് കിരീടം ലഭിച്ചു.
ഇംപീരിയല്‍ പാലസില്‍, പ്രായപൂര്‍ത്തിയെ സൂചിപ്പിക്കുന്ന പരമ്പരാഗത വസ്‌ത്രങ്ങള്‍ അണിഞ്ഞ അദ്ദേഹം പിന്നീട് ഔപചാരിക വേഷത്തിലേക്ക് മാറി. പ്രായപൂര്‍ത്തി ചടങ്ങുകളില്‍ ജപ്പാന്റെ ആദ്യത്തെ ചക്രവര്‍ത്തിയായ ജിന്‍മുവിന്റെ ശവകുടീരവും, അദ്ദേഹത്തിന്റെ പിതാമഹനായ ചക്രവര്‍ത്തി ഷോവയുടെ ശവകുടീരവും സന്ദര്‍ശിക്കുന്നതും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ഷിഗെരു ഇഷിബയും മറ്റ് ഉന്നത വ്യക്‌തികളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. 1985ല്‍ രാജകുമാരന്‍ അകിഷിനോയ്‌ക്ക് ശേഷം ജപ്പാനിലെ ആദ്യത്തെ പ്രായപൂര്‍ത്തി ആഘോഷമായിരുന്നു ഇത്.
കിരീടാവാകാശിയായ ഹിസാഹിറ്റോയുടെയും കിക്കോ രാജകുമാരിയുടെയും മകനായി 2006 സെപ്‌റ്റംബര്‍ 6 നാണു ഹിസാഹിറ്റോ ജനിച്ചത്. ഇപ്പോള്‍ ത്‌സുകുബ യൂണിവേഴ്‌സിറ്റിയില്‍ ജീവശാസ്‌ത്രം ഒന്നാം വര്‍ഷ വിദ്യാര്‍ത്‌ഥിയാണ്. അദ്ദേഹത്തിന് രണ്ട് സഹോദരിമാരുണ്ട്: രാജകുമാരി കാക്കോയും, മുന്‍ രാജകുമാരി മാക്കോയും. സാധാരണക്കാരനെ വിവാഹം ചെയ്‌തതിനെ തുടര്‍ന്നാണു മാക്കോയ്‌ക്ക് രാജകുമാരി പദവി നഷ്‌ടമായത്.
ചക്രവര്‍ത്തി നരുഹിറ്റോയ്‌ക്ക് 23 വയസുള്ള അയ്‌ക്കോ എന്ന മകള്‍ ഉണ്ടെങ്കിലും, 1947 ലെ ഇംപീരിയല്‍ ഹൗസ് നിയമമനുസരിച്ച് സിംഹാസനത്തിന് അവര്‍ക്ക് അര്‍ഹതയില്ല. ഇപ്പോള്‍ രാജ കുടുംബത്തില്‍ 16 പ്രായപൂര്‍ത്തിയായ അംഗങ്ങളുണ്ട്. എന്നാല്‍ അകിഷിനോയും രാജകുമാരന്‍ ഹിസാഹിറ്റോയും മാത്രമാണു പുരുഷ അവകാശികളായി അവശേഷിക്കുന്നത്. ചരിത്രപരമായി ജപ്പാനില്‍ എട്ട് സ്‌ത്രീകള്‍ ഭരണപദവിയിലെത്തിയിട്ടുണ്ട്. എങ്കിലും നിലവിലെ നിയമം സ്‌ത്രീകള്‍ക്ക് സിംഹാസനം അനുവദിക്കുന്നില്ല. ഹിസാഹിറ്റോയുടെ ജനനത്തിനുശേഷം ഈ സംവിധാനം പരിഷ്‌കരിക്കാന്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു.




