Good News

പുരിബീച്ചില്‍ ചവറുകള്‍ പെറുക്കി ; ഇന്ത്യാക്കാരെ വൃത്തിശീലം പഠിപ്പിച്ച് ജപ്പാന്‍കാരി

ഇന്ത്യന്‍ നഗരങ്ങളിലെ വൃത്തിയില്ലായ്മയാണ് ടൂറിസംമേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യാക്കാരെ വൃത്തി പഠിപ്പിക്കുകയാണ് 38 കാരിയായ ജാപ്പനീസ് യുവതി അക്കി ഡോയി. തനിക്ക് പരിചയമുള്ള ഇംഗ്‌ളീഷിലും ഇംഗ്‌ളീഷ് അറിയാത്തവരുമായി ആംഗ്യഭാഷയില്‍ സംസാരിച്ചും ഇവര്‍ പരിസരശുചിത്വത്തെക്കുറിച്ചും ഡസ്റ്റബിന്‍ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ചും പഠിപ്പിക്കുകയാണ്.

2022 ല്‍ ആദ്യമായി ഒഡീഷ സന്ദര്‍ശിക്കുകയും പുരിയില്‍ താമസമാക്കുകയും ചെയ്ത ഇവര്‍ ഇപ്പോള്‍ ‘ഒറ്റയാള്‍ശുചീകരണസേന’യായി പ്രവര്‍ത്തിക്കുകയാണ്. പുരിനഗര ത്തെയും പുരിബീച്ചിനെയും മാലിന്യമുക്തമാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു സംഗീത, യോഗ പരിശീലകയായ ഡോയി എല്ലാ ദിവസവും രാവിലെ പുരി ബീച്ച് വൃത്തിയാക്കാന്‍ പോകുന്നു. ഡസ്റ്റ്ബിന്നുകള്‍ ഉപയോഗിക്കാന്‍ ഇവര്‍ വിനോദസഞ്ചാരികളെ പ്രേരിപ്പിക്കുന്നു.

ഭഗവാന്‍ ജഗന്നാഥന്റെ ചിത്രവും വൃത്തിയെക്കുറിച്ചുള്ള സന്ദേശം എഴുതിയ ഒരു ബാനറും പിടിച്ചു നില്‍ക്കുന്ന ഡോയിയുടെ ചിത്രം വൈറലായിട്ടുണ്ട്. അവര്‍ ഹോട്ടലുടമകളുടെയും വിനോദസഞ്ചാരികളുടെയും പ്രാദേശിക അധികാരി കളുടെയും ശ്രദ്ധ പിടിച്ചുപറ്റി, തുടര്‍ന്ന് ഇന്ത്യ-ജപ്പാന്‍ ഫ്രണ്ട്ഷിപ്പ് സെന്റര്‍ അവള്‍ക്ക് കയ്യുറകളും മാലിന്യ ബാഗുകളും നല്‍കിയിരിക്കുകയാണ്.

സന്ദര്‍ശകര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികള്‍, ഭക്ഷണ പൊതികള്‍, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ ഉത്സാഹത്തോടെ ശേഖരിക്കുന്ന ഡോയിക്കൊപ്പം ഈ സംരംഭത്തില്‍ മറ്റ് നിരവധി ജാപ്പനീസ് വിനോദസഞ്ചാരികളും ചേര്‍ന്നു. ഡോയി അടിസ്ഥാന ഇംഗ്ലീഷി ലാണ് സംസാരിക്കുന്നതെന്നും ഡസ്റ്റ്ബിന്നുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ച് ആളുകളുമായി ആശയവിനിമയം നടത്താന്‍ ആംഗ്യങ്ങള്‍ ഉപയോഗിക്കുന്ന തായും ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറലായ ഒരു ഫൂട്ടേജില്‍, ഡോയി റോഡരികില്‍ നിന്ന് ചപ്പുചവറുകള്‍ എടുക്കുന്നത് കാണാം. വീഡിയോ വൈറലാകുകയും ഇന്ത്യയിലെ ആള്‍ക്കാരുടെ പൗരബോധത്തെ ക്കുറിച്ചും വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിവിടുകയും ചെയ്തിരിക്കുകയാണ്. വീഡിയോ നിരവധി പ്രതികരണങ്ങള്‍ നേടി. ”നിങ്ങള്‍ക്ക് പൗരബോധം ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെടും,” ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് എഴുതി.

”എന്തൊരു നാണക്കേട്, ഒടുവില്‍ എപ്പോഴാണ് ഇന്ത്യക്കാര്‍ക്ക് കുറച്ച് പൗരബോധം ലഭിക്കുക,” മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ‘പൗരന്മാര്‍ക്ക് അടിസ്ഥാന പൗരബോധം ഉണ്ടാകുന്നതുവരെ ഇന്ത്യ എപ്പോഴും വികസിച്ചുകൊണ്ടിരിക്കും!” മൂന്നാമത്തെ ഉപയോക്താവ് പ്രതികരിച്ചു.