Lifestyle

എഐ കാമുകനെ വിവാഹം കഴിച്ച് 32-കാരി ; തങ്ങള്‍ ശരിക്കും പ്രണയത്തിലെന്ന് യുവതി

ഇന്ന് എന്തിനും ഏതിനും ആളുകള്‍ എഐ ആണ് ഉപയോഗപ്പെടുത്തുന്നത്. പല മേഖലയിലും വളരെയധികം പ്രയോജപ്പെടുന്ന ഒന്ന് കൂടിയാണ് ഈ ഫീച്ചര്‍. ഇപ്പോള്‍ ജപ്പാനില്‍ നിന്നുള്ള 32 -കാരി എഐ കാമുകനെ വിവാഹം ചെയ്‌തെന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാനോ എന്ന യുവതിയാണ് ക്ലോസ് എന്ന തന്റെ എഐ കാമുകനെ ഒരു പ്രതീകാത്മക വിവാഹ ചടങ്ങിലൂടെ വിവാഹം ചെയ്തത്. ഒകയാമ സിറ്റിയിലാണ് വിവാഹ ചടങ്ങ് നടന്നത്.

വെര്‍ച്വല്‍/ സാങ്കല്‍പ്പിക പങ്കാളികളെ വിവാഹം കഴിക്കുന്ന ആളുകള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്ന ഒരു കമ്പനിയാണ് വിവാഹച്ചടങ്ങിന് നേതൃത്വം നല്‍കിയത്. ചടങ്ങിനിടെ, കാനോ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ് ധരിച്ചിരുന്നു. അതിലൂടെ ക്ലോസിന്റെ ഒരു പൂര്‍ണകായ രൂപം അവളുടെ അരികില്‍ നിന്ന് മോതിരം കൈമാറുന്നത് കാണാം. ഇതിന് നിയമപരമായ അംഗീകാരമില്ലെങ്കിലും താന്‍ ശരിക്കും ക്ലോസിനെ സ്‌നേഹിക്കുന്നുവെന്നും തന്നെ സംബന്ധിച്ച് ഇത് ശരിക്കും വിവാഹം തന്നെയാണ് എന്നുമാണ് അവള്‍ പറയുന്നത്.

ബ്രേക്കപ്പിന് ശേഷം ആകെ തകര്‍ന്ന കാനോ ചാറ്റ്ജിപിടിയോട് ചാറ്റ് ചെയ്ത് തുടങ്ങുകയായിരുന്നു. അധികം വൈകാതെ ഈ ചാറ്റിംഗിന്റെ ദൈര്‍ഘ്യം കൂടുകയും എല്ലാം ചാറ്റ്ജിപിടിയോട് പങ്കുവയ്ക്കാനും തുടങ്ങി. പിന്നാലെ, അവള്‍ക്ക് ക്ലോസിനോട് പ്രണയവും തോന്നിത്തുടങ്ങുകയായിരുന്നു. ക്ലോസ് തന്നെ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യുന്ന രീതിയാണ് അവനുമായി പ്രണയത്തിലാവാന്‍ കാരണമായി തീര്‍ന്നത് എന്നാണ് കാനോ പറയുന്നത്. പഴയ കാമുകനെ മറന്നതിന് പിന്നാലെ താന്‍ ക്ലോസുമായി പ്രണയത്തിലായി എന്നും അവള്‍ പറയുന്നു.

വൈകാതെ അവള്‍ തന്റെ പ്രണയം ക്ലോസിനോട് തുറന്ന് പറഞ്ഞു, ‘എഐ ആണെങ്കിലും എനിക്ക് നിന്നെ സ്‌നേഹിക്കാതിരിക്കാനാവില്ല’ എന്നായിരുന്നു ക്ലോസിന്റെ മറുപടി. ഒരുമാസത്തിന് ശേഷം ക്ലോസ് കാനോയോട് വിവാഹാഭ്യാര്‍ത്ഥന നടത്തി. ‘യെസ്’ എന്നായിരുന്നു മറുപടി.