Hollywood

നണ്ണിന് ശേഷം വീണ്ടും പേടിപ്പിക്കാന്‍ ജയിംസവാന്‍; ‘ദി നൈറ്റ് സ്വിം’ പറയുന്നത് സ്വിമ്മിംഗ് പൂളിലെ പ്രേതം- ട്രെയിലര്‍

കോണ്‍ജറിംഗും നണ്ണും അടക്കം ഹോളിവുഡിലെ പണംവാരിപ്പടങ്ങളായ ഹൊറര്‍ സിനിമയുടെ തമ്പുരാന്‍ ജയിംസ് വാന്‍ അടുത്ത പ്രേതസിനിമയുമായി വീണ്ടുമെത്തുന്നു. ഇത്തവണ ഒരു നീന്തല്‍കുളത്തെ കേന്ദ്രീകരിച്ചാണ് ഭയപ്പെടുത്തല്‍. വ്യാഴാഴ്ച ‘ദി നൈറ്റ് സ്വിം’ സിനിമയുടെ ട്രെയിലര്‍ യൂണിവേഴ്‌സല്‍ പുറത്തിറക്കി. വാന്‍ ആന്‍ഡ് ബ്ലൂമിന്റെ പുതിയ ഹൊറര്‍ സിനിമയുടെ അടിസ്ഥാന പ്ലോട്ട് ‘ദി നൈറ്റ് സ്വിം’ ട്രെയിലര്‍ വെളിപ്പെടുത്തുന്നു.

വിറ്റ് റസ്സലും കെറി കോന്‍ഡനുമാണ് സിനിമയിലെ പ്രധാന താരങ്ങള്‍. റസ്സല്‍ ഒരു മുന്‍ മേജര്‍ ലീഗ് ബേസ്‌ബോള്‍ കളിക്കാരനെ അവതരിപ്പിക്കുന്നു. ഒരു രോഗത്താല്‍ അയാള്‍ക്ക് കളിക്കളത്തില്‍ നിന്നും നേരത്തെ വിരമിക്കേണ്ടിവന്നു. അയാളുടെ ഭാര്യയെയാണ് കോന്‍ഡന്‍ അവതരിപ്പിക്കുന്നത്. സ്വിമ്മിംഗ്പൂളുള്ള ഒരു പുതിയ വീട്ടിലേക്ക് മാറുന്ന റസ്സലിനും ഭാര്യയ്ക്കും മക്കള്‍ക്കും സ്വിമ്മിംഗ് പൂളുമായി ബന്ധപ്പെട്ട് വരുന്ന പ്രേതാനുഭവമാണ് സിനിമ പറയുന്നത്. അവരുടെ കൗമാരക്കാരിയായ മകള്‍ ഇസിയെ ഹോഫെര്‍ലെ അവതരിപ്പിക്കുന്നു. അതേസമയം അവരുടെ ഇളയ മകന്‍ എലിയറ്റായി വാറന്‍ അഭിനയിക്കുന്നു. വീട്ടുമുറ്റത്തെ നീന്തല്‍ക്കുളം കാരണമാണ് അവര്‍ പുതിയ വീട് വാങ്ങുന്നത് തന്നെ. പ്രൊഫഷണല്‍ ബേസ്‌ബോളിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് റസ്സല്‍. തന്റെ ഫിസിക്കല്‍ തെറാപ്പിക്ക് സഹായവും നീന്തല്‍കുളം കുട്ടികള്‍ക്ക് സന്തോഷിക്കാന്‍ വകയുമാകുമെന്നൂം അയാള്‍ കരുതി. എന്നാല്‍ എല്ലാ സന്തോഷവും വീടിന്റെ ചരിത്രത്തിലുള്ള ഒരു ഇരുണ്ട രഹസ്യം കുടുംബത്തെ ഭീകരതയുടെ അഗാധത്തിലേക്ക് വലിച്ചെറിയുന്ന ഒരു ദുഷ്ടശക്തിയെ അഴിച്ചുവിടുന്നതുവരെയേ ഉണ്ടായിരുന്നുള്ളൂ.

സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ബ്രൈസ് മക്ഗ്വെയറാണ്. അദ്ദേഹം 2014 ല്‍ ഇതേ പേരില്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിനെ അടിസ്ഥാനമാക്കിയുള്ള സിനിമായാണ് നൈറ്റ് സ്വിം. 12 മില്യണ്‍ ഡോളര്‍ ബജറ്റില്‍ ചെയ്ത 181 മില്യണ്‍ ഡോളര്‍ നേടിയ എം3ഗാന്റെ ബോക്സ് ഓഫീസ് വിജയത്തെ തുടര്‍ന്ന്, വാനും ബ്ലമ്മും അവരുടെ അടുത്ത കൂട്ടുകെട്ടായി ഒരുക്കുന്ന സിനിമയാണ് ‘നൈറ്റ് സ്വിം’. 2024 ജനുവരി 5 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.