വന്‍ കളക്ഷന്‍ നേടി മുന്നേറുന്ന ജയിലറിന്റെ രണ്ടാം ഭാഗം സ്ഥിരീകരിച്ച് സംവിധായകന്‍ നെല്‍സണ്‍. രജനികാന്ത് തന്നെയായിരിക്കും ചിത്രത്തിലെ നായകനെന്നും സിനിമയില്‍ ഉണ്ടായിരുന്ന അന്യസംസ്ഥാന നടീനടന്മാരും കാണുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിട്ടാണ് ജയിലര്‍ മാറിയിരിക്കുന്നത്. ബോക്സ് ഓഫീസ് വരുമാനത്തിലും പ്രേക്ഷക പ്രതികരണത്തിലും ചിത്രം സണ്‍ പിക്ചേഴ്സിന് നല്‍കിയത് സമീപകാലത്ത് എങ്ങും കിട്ടാത്ത നേട്ടമാണ്. സിനിമയിലെ നായകനായ തമിഴ് സൂപ്പര്‍താരം രജനീകാന്തിന് പറഞ്ഞുറപ്പിച്ചതിനേക്കാള്‍ ഇരട്ടിത്തുകയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത്. പിന്നാലെ ജയിലറിന്റെ സംവിധായകന്‍ നെല്‍സണും സണ്‍ പിക്‌ചേഴ്‌സ് കനത്ത ചെക്കാണ് നല്‍കിയത്.
വിലകൂടിയ കാര്‍ സമ്മാനം നല്‍കിയതിന് പുറമേയാണ് ഇരട്ടി പ്രതിഫലവും നല്‍കയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ്. സണ്‍ പിക്ചേഴ്സിന്റെ തലവന്‍ കലാനിധി മാരനാണ് നെല്‍സണ്‍ ദിലീപ്കുമാറിന് വന്‍തുക രേഖപ്പെടുത്തിയ ചെക്ക് സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളിലൊന്നായ കറുത്ത പോര്‍ഷെ കാറും നിര്‍മ്മാതാക്കള്‍ നെല്‍സണിന് സമ്മാനിച്ചു.
ട്വിറ്ററില്‍ നെല്‍സണ്‍ ദിലീപ്കുമാറിന്റെ കുറച്ച് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. നെല്‍സണെ മാരന്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് കൊണ്ടുപോയി പോര്‍ഷെ കാര്‍ നല്‍കി അമ്പരപ്പിച്ചു. കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കള്‍ രജനികാന്തിന് ബിഎംഡബ്ല്യു കാറും 100 കോടിയുടെ ലാഭം പങ്കിടല്‍ ചെക്കും സമ്മാനിച്ചത്.
2023-ല്‍ ഏറ്റവുമധികം വരുമാനം നേടിയ ചിത്രങ്ങളില്‍ ഒന്നായിട്ടാണ് ജയിലര്‍ മാറിക്കൊണ്ടിരിക്കുന്നത്. അക്ഷയ് കുമാറിന്റെ ഓ മൈ ഗോഡ് 2, സണ്ണി ഡിയോളിന്റെ ഗദര്‍ 2 എന്നിവയ്ക്കൊപ്പം 2023 ഓഗസ്റ്റ് 10-ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ 600 കോടിക്ക് അടുത്ത് വാരിയിരിക്കുകയാണ്. രണ്ടാം ഭാഗത്തിലും മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ്, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണന്‍, വിനായകന്‍ എന്നിവരെല്ലാം ഉണ്ടാകുമെന്നാണ് വിവരം.