Crime

യുവതികളെ കത്തിമുനയിൽ നില്‍ത്തി മർദ്ദിച്ച് ‘ലേഡി ഗ്യാങ്’; ലക്ഷ്യം വൈറലാകാൻ, 2 കൗമാരക്കാർ അറസ്റ്റിൽ- വീഡിയോ

ജബൽപൂർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ജബൽപൂരിൽ ‘ലേഡി ഗാങ്ങിന്റെ’ ഞെട്ടിക്കുന്ന അതിക്രമം . സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി, ഒരു സംഘം യുവതികൾ പെൺകുട്ടികളെ കത്തിമുനയിൽ തട്ടിക്കൊണ്ടുപോവുകയും അവരെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായാണ് ആരോപണം.

ആക്രമണത്തിന്റെ വീഡിയോകൾ പ്രതികളായ സ്ത്രീകൾ തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. സോഷ്യൽ മീഡിയയിൽ പ്രശസ്തരാകുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

ഒരു ക്ലിപ്പിൽ, പ്രതിയായ യുവതി ഇരയുടെ മുഖത്തേക്ക് പുക ഊതിവിടുന്നത് വ്യക്തമായി കാണാം. മറ്റൊന്നിൽ, അവർ ഇരയെ ചീത്ത വിളിക്കുകയും ചവിട്ടുകയും അടിക്കുകയും ചെയ്യുന്നുണ്ട്.

ലഭിക്കുന്ന വിവരമനുസരിച്ച്, ഈ സംഘം പതിവായി പെൺകുട്ടികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയും, വിജനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും തുടർന്ന് ഈ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു പതിവ്.

ഇത്തരത്തിലുള്ള ഒരു വീഡിയോ വൈറലായതിനെ തുടർന്ന് ഇരയായ ഒരു പെൺകുട്ടി ഗ്വാരിഘട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി കൊടുത്തു. വൈറലായ വീഡിയോ ഗൗരവമായി എടുത്ത പോലീസ് ഗാങിൽ ഉൾപ്പെട്ട 3 പെൺകുട്ടികളെ അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്നതനുസരിച്ച്, പ്രതികളിൽ 2 പേർ പ്രായപൂർത്തിയാകാത്തവരും ഒരാൾ കഞ്ച്ഘർ സ്വദേശിയായ യുവതിയുമാണ്. പ്രായപൂർത്തിയാകാത്ത 2 പേരെ ജുവനൈൽ ഹോമിലേക്ക് അയച്ചു, പ്രായപൂർത്തിയായ പ്രതിയെ ജയിലിലേക്ക് അയച്ചു.

അറസ്റ്റിലായ 3 പേർക്കും മുൻപ് ക്രിമിനൽ പശ്ചാത്തലം ഇല്ലായിരുന്നു എന്നും പോലീസ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്നതിനും റീലുകളിൽ കാഴ്ചകൾ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇവർ ഈ പ്രവൃത്തികൾ ചെയ്തതെന്നും പോലീസ് അറിയിച്ചു. ഗ്വാരിഘട്ട് പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.