മുഖവുരകൾ ആവശ്യമില്ലാതെ പ്രേക്ഷകർക്ക് പരിചിതമാകുന്ന താരകുടുംബം അതാണ് നടൻ സുകുമാരന്റേയും മല്ലിക സുകുമാരന്റെയും ഫാമിലി. മൂന്ന് തലമുറകള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയില്‍ സജീവം. മക്കള്‍ രണ്ടും അറിയപ്പെടുന്ന നായകന്മാർ. മരുമക്കളില്‍ ഒരാള്‍ അഭിനേതാവും ഫാഷൻ ഡിസൈനറും മറ്റൊരാള്‍ ചലച്ചിത്ര നിർമ്മാതാവും മുൻ ബിബിസി മാധ്യമപ്രവർത്തകയും. മൂന്ന് കൊച്ചുമക്കളില്‍ രണ്ടുപേർ സിനിമയിലുമെത്തി, ഒരാള്‍ പിന്നണി ഗായികയുമായി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണ്ണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര എന്നിവർ മലയാള സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. മക്കളും കുടുംബവും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോള്‍ അമ്മ സിനിമയും സീരിയലിലും തിളങ്ങി. ചെറിയ വേഷം പോലും മികവിറ്റതാക്കുന്ന മല്ലിക സുകുമാരന്റെ സിനിമയിലെ വേഷങ്ങള്‍ പലതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു. മക്കളെക്കാള്‍ തിരക്കിലാണ് അമ്മ മല്ലിക. ഇപ്പോഴിതാ വെറുതെ ആരോപണങ്ങൾ ഉന്നയിച്ച് മനസ്സ് വിഷമിപ്പിക്കുന്നവരെക്കുറിച്ച് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ.
“പണ്ടൊക്കെ അമ്മയെന്ന നിലയിൽ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. മനസ്സാ വാചാ കർമ്മണ അറിയാത്ത കാര്യങ്ങൾക്ക് ചുമ്മാ ഓരോന്ന് പറയും. ഈ അടുത്ത കാലത്തായി കാണുന്ന വൃത്തികെട്ട ഒരു പ്രവണതയാണിത്. വ്യക്തിപരമായി വിരോധം കൊണ്ട് ആരോപണങ്ങളാൽ നിർമിച്ച ഹാരം ചാർത്തി അങ്ങ് ആനന്ദിക്കുവാ ചിലർ. അത് തെറ്റാണ്, ചെയ്യാൻ പാടില്ല. അവനവന്റെ വീട്ടിൽ അച്ഛനമ്മാരെ കുറിച്ചോ സഹോദരങ്ങളെ കുറിച്ചോ എന്തെങ്കിലും മോശം കേട്ടാൽ നട്ടെല്ലുള്ള ആൺപിള്ളേർ മിണ്ടാതിരിക്കുമോ?…
വെറുതെ ആരോപണങ്ങൾ പറയാതെ നിങ്ങളുടെ കൈയിൽ തെളിവുണ്ടെങ്കിൽ അത് കാണിച്ചിട്ട് പറയ്. അല്ലാതെ കുറെ ഊഹാപോഹങ്ങൾ വച്ചിട്ട് അതങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞ് ഒരു എപ്പിസോഡ് അല്ലെങ്കിൽ വാർത്ത കൊടുക്കുന്നത് എന്തിനാ. അങ്ങനെ പറയുന്നത് എളുപ്പമല്ലേ, എനിക്കുമത് പറ്റില്ലേ. എല്ലാവരെയും കുറിച്ച് പറയും, അതിപ്പോൾ സിനിമയാകട്ടെ രാഷ്ട്രീയമാകട്ടെ മാധ്യമരംഗമാകട്ടെ ഇല്ലാകഥകൾ പറയും. പക്ഷേ ഈ പറയുന്നതൊന്നും ശരിയാണെന്നു ഞാൻ വിശ്വസിക്കാറില്ല. തെളിവ് സഹിതം വരട്ടെ, അപ്പോൾ അഭിപ്രായം പറയാം. അതല്ലാതെ ചാടിക്കയറി അഭിപ്രായം പറയേണ്ട കാര്യമെന്താ. ഈ ഒരു കാര്യത്തിൽ ആണ് സുകുമാരൻ എന്ന വ്യക്തിയോട് എനിക്കേറ്റവും ബഹുമാനം തോന്നിയിട്ടുള്ളത്. ആവശ്യമില്ലാതെ ആരുടേയും കാര്യത്തിൽ ഇടപെടില്ല, ലളിതമായ ജീവിതശൈലി, പുറംമോടിയില്ലല്ല ഉള്ളിലാണ് കാര്യമെന്ന ചിന്ത.. ഇതൊക്കെ സുകുവേട്ടന്റെ ഏറ്റവും നല്ല ക്വാളിറ്റികളായിരുന്നു…
ആരെങ്കിലും എന്തെങ്കിലും വഴിയേ പോകുമ്പോൾ പറയുന്നത് കേട്ട് ഏറ്റു പറയുന്ന രീതിയോട് യോജിക്കാനാവില്ല. എനിക്ക് തോന്നുന്നത് ഈ കമന്റ്സും മറ്റും പറയുന്നവർ ഒരു സാഡിസ്റ്റ് മൈൻഡ് ഉള്ളവർ ആണെന്ന്. അതിന്റെയൊരു ഭാഗമായി ചുമ്മാ പറയുന്നതാണിത്. അല്ലാതെ അവർക്കും അറിയാം ഇതൊന്നും സത്യമല്ലെന്ന്… ” മല്ലിക സുകുമാരൻ പറയുന്നു.