Health

അത്തരമൊരു നിര്‍ദേശമില്ല; സമൂസ,ജിലേബി പാക്കറ്റുകളിലെ മുന്നറിയിപ്പില്‍ വിശദീകരണം, വ്യാജറിപ്പോർട്ടെന്ന് പിഐബി

നിരവധി ഇന്ത്യൻ മാധ്യമങ്ങൾ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് സമൂസ, ജിലേബി, ലഡു പാക്കറ്റുകളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്ന മുന്നറിയിപ്പ് സന്ദേശം നിര്‍ബന്ധമാക്കി എന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുസംബന്ധിച്ച് പിഐബി വസ്തുതാ പരിശോധന വിഭാഗം ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചു.

ഇത്തരത്തില്‍ യാതൊരു വിധത്തിലുമുള്ള നിര്‍ദേശവും നല്‍കിയിട്ടില്ല. തൊഴിലിടങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ജോലിസ്ഥലത്ത് കന്റീനുകളിലും മീറ്റിങ് ഹാളുകളിലും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളുടെ വിവരങ്ങളും അതിന്റെ ദോഷങ്ങളും രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പൊണ്ണത്തടി കുറയ്ക്കാനുള്ള ഓര്‍മപ്പെടുത്തലായി മാത്രമാണ് ഇതിനെ കാണേണ്ടത്. വില്‍പനയ്ക്കുള്ള ഭക്ഷണപദാര്‍ഥങ്ങളില്‍ ഇത്തരം ലേബലുകള്‍ വയ്ക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. ഇന്ത്യന്‍ പലഹാരങ്ങളെയോ ഭക്ഷണ സംസ്കാരത്തേയോ മോശമാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചില പലഹാരങ്ങളില്‍ മുന്നറിയിപ്പ് സന്ദേശം വേണമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു .

സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ജനപ്രിയ ഇന്ത്യൻ ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും സിഗരറ്റ് പാക്കറ്റുകളിലുള്ളത് പോലുള്ള ആരോഗ്യ മുന്നറിയിപ്പിനൊപ്പം വയ്ക്കണമെന്നായിരുന്നു വാര്‍ത്ത.