Sports

തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ഇഷാന്‍ കിഷന്റെ മറുപടി; 39 പന്തുകളില്‍ പറത്തിയത് 9 സിക്‌സര്‍

തന്നെ തുടര്‍ച്ചയായി തഴയുന്ന സെലക്ടര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ഇഷാന്‍ കിഷന്‍. മധ്യപ്രദേശിനെതിരായ ആദ്യ റൗണ്ട് മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി മിന്നുന്ന സെഞ്ച്വറിയുമായി വെള്ളിയാഴ്ച ബുച്ചി ബാബു ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ തിളങ്ങി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ടീമിനെ നയിക്കുന്ന 26-കാരന്‍ സെഞ്ച്വറി നേടി.

ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ഇഷാന്‍ കിഷന്‍ ബാക്ക് ടു ബാക്ക് സിക്സറുകള്‍ പറത്തി 86 പന്തില്‍ സെഞ്ച്വറി തികച്ചു. വെറും 39 പന്തില്‍ ഒമ്പത് സിക്സറുകള്‍ പറത്തി. ജാര്‍ഖണ്ഡിനൊപ്പം കിഷന്‍ ആറാം നമ്പറിലായിരുന്നു ബാറ്റ് ചെയ്യാനെത്തിയത്്. പതിയെ തുടങ്ങിയ കിഷന്‍ താമസിയാതെ ഗിയര്‍ മാറ്റി. വെറും 61 പന്തില്‍ തന്റെ അര്‍ദ്ധ സെഞ്ചുറിയിലേക്ക് കുതിച്ചു. അവിടെ നിന്ന് അദ്ദേഹം ആക്രമണാത്മക സ്ട്രോക്കുകളുടെ ഒരു കുത്തൊഴുക്ക് അഴിച്ചുവിട്ടു, 39 പന്തില്‍ ഒമ്പത് സിക്സറുകള്‍ പറത്തി, 86 പന്തില്‍ മാത്രം സെഞ്ച്വറിയിലെത്തി.

അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ് മധ്യപ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് ടോട്ടല്‍ മറികടക്കാന്‍ ജാര്‍ഖണ്ഡിനെ സഹായിച്ചു. ഈ വര്‍ഷമാദ്യം ടി20 ലോകകപ്പ് ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ഫെബ്രുവരിയില്‍, കിഷനും ശ്രേയസ് അയ്യരും ബിസിസിഐ സെന്‍ട്രല്‍ കരാറുകളില്‍ നിന്ന് പുറത്തായിരുന്നു. ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കിഷന്‍ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. അവിടെ 14 കളികളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 320 റണ്‍സ് നേടി.

ഈ വര്‍ഷമാദ്യം ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കിഷന്‍ തുറന്ന് പറഞ്ഞിരുന്നു. 2023 നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20 ഐയില്‍ ഇന്ത്യയെ അവസാനമായി പ്രതിനിധീകരിച്ച കിഷന്‍, പിന്നീട് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള മൂന്ന് ഫോര്‍മാറ്റുകള്‍ക്കുമുള്ള ടീമില്‍ ഇടം നേടി. എന്നിരുന്നാലും, വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു.