Featured Lifestyle

100 വയസില്‍ കൂടുതല്‍ ജീവിക്കുന്നവരുടെ ഡി.എന്‍.എ. വിശകലനം; ദീര്‍ഘായുസിന്റെ രഹസ്യം വേട്ടക്കാരുടെ ജീന്‍?

റോം: ദീര്‍ഘായുസിന്റെ രഹസ്യം ചോദിച്ചാല്‍ 100 പിന്നിട്ട പലരും പറയും മികച്ച ഭക്ഷണം, ടെന്‍ഷന്‍ രഹിത ജീവിതം എന്നൊക്കെ. ബോളോണിയ സര്‍വകലാശാലയിലെ ഗവേഷകരാണു ആയുസിനു പിന്നിലെ ജനിതക സാധ്യത കണ്ടെത്തിയത്‌. 100 വയസ്‌ പിന്നിട്ടവരില്‍ പഴയ കാലത്ത്‌ വേട്ടയാടി ജീവിച്ചവരുടെ ജീനുകള്‍ കൂടുതലാണെന്നു ഗവേഷകര്‍ കണ്ടെത്തി. ആയിരത്തിലേറെ ഇറ്റലിക്കാരുടെ ജീനുകളാണു വിശകലനം ചെയ്‌തത്‌. അവരില്‍ 333 പേര്‍ നൂറ്‌ വയസ്‌ പിന്നിട്ടവരായിരുന്നു.

അവരെ വെങ്കലയുഗത്തിലെ കന്നുകാലിവളര്‍ത്തല്‍ നടത്തിയവരുടെയും, മധ്യേഷ്യന്‍ നവീന ശിലായുഗത്തിലെ കര്‍ഷകരുടെയും ഡി.എന്‍.എയുമായി താരതമ്യം ചെയ്‌തു. വിശകലനത്തില്‍, 100 വയസുവരെ ജീവിച്ചവര്‍ക്ക്‌ പടിഞ്ഞാറന്‍ യൂറോപ്യന്‍ വേട്ടക്കാരുമായി(മെസോലിത്തിക്‌ വെസ്‌റ്റേണ്‍ യൂറോപ്യന്‍ ഹണ്ടര്‍ ഗാതറേഴ്‌സ്‌- ഡബ്ല്യൂ.എച്ച്‌.ജി.) കൂടുതല്‍ ബന്ധമുള്ള ജീനുകള്‍ ഉണ്ടെന്ന്‌ കണ്ടെത്തി.
9,000 മുതല്‍ 14,000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്ന ഈ വിഭാഗം, ഹിമയുഗത്തിനു ശേഷമുള്ള യൂറോപ്പിലെ താമസക്കാരായിരുന്നു. അവര്‍ക്ക്‌ കടുംതവിട്ട്‌ നിറം, കരുത്തുറ്റ ശരീരം എന്നിവയുണ്ടായിരുന്നു. വേട്ടയാടലും വിവിധ സസ്യജന്തു വിഭവങ്ങളായ കിഴങ്ങുകള്‍, പഴങ്ങള്‍, ചെറുമൃഗങ്ങള്‍ തുടങ്ങിയവ ശേഖരിച്ചും അവര്‍ ചൂടുള്ള കാലാവസ്‌ഥയില്‍ ജീവിച്ചു.

100 വയസില്‍ കൂടുതലുള്ളവരില്‍ വേട്ടയാടല്‍ശേഖരണവുമായി ബന്ധപ്പെട്ട കൂടുതല്‍ മ്യൂട്ടേഷനുകള്‍ കണ്ടെത്തി. മറ്റ്‌ ജനിതക പൂര്‍വികത്വങ്ങളൊന്നും ദീര്‍ഘായുസുമായി ബന്ധപ്പെട്ടിരുന്നില്ല. ഈ കണ്ടെത്തലുകള്‍ക്ക്‌ പിന്നിലെ കാരണങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നു ഗവേഷകര്‍ പറഞ്ഞു. ഡി.എന്‍.എ. എങ്ങനെ ദീര്‍ഘായുസില്‍ സ്വാധീനം ചെലുത്തുന്നു എന്ന്‌ വ്യക്‌തമല്ലെന്നും അവര്‍ അറിയിച്ചു.

വേട്ടയാടല്‍ മനുഷ്യ ചരിത്രത്തില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. 20 ലക്ഷം വര്‍ഷം മുമ്പാണു മനുഷ്യവര്‍ഗങ്ങള്‍ വേട്ടയാടല്‍ തുടങ്ങിയത്‌. ആദ്യകാല മനുഷ്യര്‍ പ്രധാനമായും മറ്റു മൃഗങ്ങള്‍ ഉപേക്ഷിക്കുന്ന മാംസത്തെയാണ്‌ ആശ്രയിച്ചിരുന്നത്‌. സസ്യങ്ങള്‍, പ്രാണികള്‍, തേന്‍ എന്നിവയായിരുന്നു പ്രധാന ആഹാരം.

പിന്നീട്‌ വേട്ടയാടല്‍ സംഘങ്ങള്‍ ഉണ്ടായി. ഏകദേശം 100 പേര്‍ വരെയുള്ള സംഘങ്ങള്‍ അവര്‍ രൂപീകരിച്ചു. വലിയ ഭൂപ്രദേശങ്ങളിലേക്കുള്ള പ്രവേശനം ആവശ്യമുള്ളതിനാല്‍ അവര്‍ ധാരാളമായി സഞ്ചരിച്ചു. ഏകദേശം 12,000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൃഷിയിലേക്കു മാറിയെങ്കിലും, വേട്ടയാടല്‍കാലത്തെ പല സ്വഭാവങ്ങളും ആധുനിക കാലം വരെ നിലനിന്നു. 500 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെ യൂറോപ്പിന്റെ ചില ഭാഗങ്ങളിലും അമേരിക്കയിലുടനീളവും വേട്ടയാടുന്ന വിഭാഗക്കാര്‍ ഉണ്ടായിരുന്നു. പിന്നീട്‌ അവരില്‍ ഭൂരിപക്ഷവും വേട്ടയാടല്‍ ഉപേക്ഷിച്ചു. ഇന്ന്‌ വളരെ ചുരുക്കം പേര്‍ മാത്രമേ ഈ പരമ്പരാഗത രീതിയില്‍ ജീവിക്കുന്നുള്ളൂ.

അതേസമയം, ശാസ്‌ത്രത്തിലും ആരോഗ്യ സംരക്ഷണത്തിലും സമീപകാല മുന്നേറ്റങ്ങള്‍ കാരണം കൂടുതല്‍ ആളുകള്‍ 100 വയസുവരെ ജീവിക്കുന്നു. കൂടുതല്‍ക്കാലം ജീവിച്ചതിന്റെ ഗിന്നസ്‌ റെക്കോഡ്‌ ഫ്രഞ്ച്‌ വനിത ജീന്‍ ലൂയിസ്‌ കാള്‍മെന്റിന്റെ പേരിലാണ്‌. അവര്‍ 122 വര്‍ഷവും 164 ദിവസവും ജീവിച്ചു.