Healthy Food

തവിടെണ്ണ ആരോഗ്യത്തിന് ഗുണകരമോ ?

തവിടെണ്ണയില്‍ ഒറൈസ്‌നോള്‍ എന്ന ആന്റിഓക്‌സിഡന്റ്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിന്‌ രക്‌തത്തിലെ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ കഴിയും എന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ രക്‌തം കട്ടപിടിക്കുന്നതിന്റെ തോത്‌ കുറയ്‌ക്കാനും സഹായിക്കും. അതുവഴി ഹൃദയാഘാത സാധ്യത കുറയ്‌ക്കാന്‍ കഴിയും.

രക്‌തത്തിലെ ട്രൈഗ്ലിസറൈഡ്‌സിന്റെ അളവ്‌ കുറയ്‌ക്കാനും തവിടെണ്ണ പതിവായി ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. രക്‌തത്തിലുള്ള ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍.ഡി.എല്‍ അളവ്‌ കുറയുന്നതിനും നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്‌.ഡി.എല്‍ അളവ്‌ ഉയര്‍ത്തുന്നതിനും തവിടെണ്ണ സഹായിക്കുന്നു. തവിടെണ്ണയില്‍ വൈറ്റമിന്‍ ‘ഇ’ യും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ കാന്‍സര്‍ രോഗത്തില്‍നിന്നും സംരക്ഷണം നല്‍കുന്നതിനും തവിട്‌ എണ്ണയ്‌ക്ക് കഴിയും.

ഉയര്‍ന്ന ‘സ്‌മോക്കിംഗ്‌ പോയന്റ്‌’ ആയതിനാല്‍ മറ്റ്‌ എണ്ണകളെ അപേക്ഷിച്ച്‌ ആഹാരസാധനങ്ങള്‍ വറുത്ത്‌ പാകം ചെയ്യുന്നതിന്‌ തവിട്‌ എണ്ണയാണ്‌ നല്ലത്‌. മറ്റ്‌ എണ്ണകള്‍ ഉയര്‍ന്ന ഊഷ്‌മാവില്‍ ചൂടാക്കുന്നത്‌ കാന്‍സറിന്‌ കാരണമാകുന്ന രാസവസ്‌തുക്കള്‍ ഉണ്ടാകുന്നതിന്‌ ഇടയാകുന്നു. എന്നാല്‍ തവിട്‌ എണ്ണയുടെ ഉയര്‍ന്ന സ്‌മോക്കിങ്‌ പോയന്റ്‌ കാരണം ഇത്‌ ഉയര്‍ന്ന ഊഷ്‌മാവില്‍ ചൂടാക്കുമ്പോള്‍ കാന്‍സറിന്‌ കാരണമാകുന്ന കാര്‍സിനോജന്‍ ഉണ്ടാകുന്നത്‌ തടയുന്നു.

തവിടെണ്ണയില്‍ പാകം ചെയ്യുമ്പോള്‍ കുറച്ച്‌ എണ്ണ മാത്രമേ ആഹാരത്തില്‍ പറ്റിപ്പിടിക്കുകയുള്ളൂ. അതിനാല്‍ ഇപ്രകാരം തയാര്‍ ചെയ്യുന്ന ഭക്ഷണത്തിന്‌ മറ്റ്‌ എണ്ണകളില്‍ തയാര്‍ ചെയ്യുന്ന ഭക്ഷണത്തെ അപേക്ഷിച്ച്‌ കലോറി കുറവാണ്‌.

ഇതൊക്കെയാണെങ്കിലും തവിടെണ്ണയിൽ കലർത്തുന്ന മായങ്ങൾ. ഹൃദയാരോഗ്യത്തിന് ഭീഷണിയാണ്. അതുകൊണ്ട് മായം കലരാത്ത എണ്ണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.