തെന്നിന്ത്യയില്‍ കൈനിറയെ അവസരങ്ങളുള്ള നയന്‍താരയെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം നിലയില്‍ സിനിമ വിജയിപ്പിക്കാനുള്ള ശേഷി കൊണ്ട് അവര്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഓടിനടന്ന് അഭിനയിക്കുന്ന താരത്തിനെ ബോളിവുഡ് ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ് ജവാനിലൂടെ ബോളിവുഡില്‍ എത്തിയ നടിയുടെ ഹിന്ദിസിനിമയിലെ അരങ്ങേറ്റം ഇത്രയൂം താമസിച്ചത്. എന്നാല്‍ കൂടുതല്‍ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നാണ് പുതിയ വിവരം. ഇതിന് കാരണമായത് ഷാരൂഖ് നായകനായി വന്‍ വിജയം വരിച്ച ‘ജവാന്‍’ സിനിമയും. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ രൂപപ്പെടുത്തിയതില്‍ നയന്‍താര തൃപ്തയല്ലെന്നും അതുകൊണ്ടു തന്നെ ഹിന്ദി ചിത്രങ്ങളുടെ തിരക്കഥകള്‍ താരം തിരിഞ്ഞു നോക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ തന്റെ വേഷം വെട്ടിക്കുറച്ചതിനാല്‍ നയന്‍താരയ്ക്ക് സംവിധായകന്‍ ആറ്റ്‌ലിയോട് നീരസം ഉണ്ടെന്നാണ് നയന്‍സിനോട് അടുപ്പമുള്ള ഒരാളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍്ട്ട് ചെയ്യുന്നത്. സിനിമയില്‍ അതിഥിവേഷം എന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ കഥാപാത്രത്തിന് വേണ്ടി തന്റെ ഭാഗം വലിയ രീതിയില്‍ വെട്ടിമാറ്റിയെന്നും താരത്തിന് പരാതിയുണ്ട്. ദീപികയുടെ കഥാപാത്രം സൃഷ്ടിക്കുന്ന സ്വാധീനം കണക്കിലെടുക്കുമ്പോള്‍ സിനിമ ഷാരൂഖ്-ദീപിക ചിത്രം പോലെ വരത്തക്ക രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മുന്‍നിര അഭിനേത്രിയായ അവരെ തഴയുന്നതിന് തുല്യമായിട്ടാണ് നടി വിലയിരുത്തിയിരിക്കുന്നതെന്നുമാണ് വിവരം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ നിന്നും നയന്‍താര വിട്ടു നിന്നിരുന്നു. ചെന്നൈയില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ പ്രീ-റിലീസ് പരിപാടി ആദ്യം ഒഴിവാക്കിയ നയന്‍സ് അമ്മയുടെ ജന്മദിനം കാരണം പറഞ്ഞ് ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, വിജയ് സേതുപതി, അറ്റ്‌ലി, അനിരുദ്ധ് രവിചന്ദര്‍, രാജകുമാരി, തുടങ്ങിയവര്‍ പങ്കെടുത്ത മുംബൈയില്‍ നടന്ന ഗ്രാന്‍ഡ് സക്സസ് മീറ്റും ഒഴിവാക്കി. അതേസമയം അഭിനയം മാത്രമാണ് തന്റെ ജോലിയെന്നു വിശ്വസിക്കുന്നതിനാല്‍ പ്രമോഷന്‍ പരിപാടികളില്‍ സാധാരണ നയന്‍സ് പങ്കെടുക്കാറില്ലെന്നും വിവരമുണ്ട്. ജവാന്‍ സിനിമയ്ക്കായി 10-11 കോടിയാണ് നയന്‍സ് പ്രതിഫലം വാങ്ങിയത്.
