Celebrity

മസ്‌കും മെലോനിയും ഡേറ്റിങ്ങില്‍? സാമൂഹികമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച

റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്കൊപ്പമുള്ള ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ചിത്രം വൈറലായതിനു പിന്നാലെ ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തലപൊക്കി.

ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ മസ്‌ക് മെലോനിയെ വാനോളം പുകഴ്ത്തിയിരുന്നു. മെലോനിക്ക് അറ്റ്‌ലാന്റിക് കൗണ്‍സില്‍ ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് സമ്മാനിക്കവെയായിരുന്നു മക്‌സിന്റെ പുകഴ്ത്തല്‍. ‘പുറത്ത് കാണുന്നതിലും അപ്പുറം അകമേ കൂടുതല്‍ സുന്ദരിയായ ഒരാള്‍ക്ക് ഈ ബഹുമതി സമ്മാനിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ ഏറെ ആരാധിക്കുന്ന ഒരാളാണ് മെലോനി. ഇറ്റലിയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ അവിശ്വസനീയമായ പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. മെലോനി സത്യസന്ധയാണ്. രാഷ്ട്രീയക്കാരെക്കുറിച്ച് പൊതുവേ അങ്ങനെ പറയാനാവില്ലെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

മസ്‌കിന്റെ പരാമര്‍ശങ്ങള്‍ക്ക് മെലോനി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. അതിനിടെ, ഒരു ടെസ്‌ല ഫാന്‍ ക്ലബ് അംഗം മസ്‌കിന്റെയും മെലോനിയുടെയും ചിത്രം പോസ്റ്റ് ചെയ്ത് കുറിച്ചു: ‘അവര്‍ ഡേറ്റ് ചെയ്യുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പിന്നാലെ, തങ്ങള്‍ ഡേറ്റിങ്ങിലല്ലെന്ന് 53-കാരനായ കോടീശ്വരന്‍ പ്രതികരിച്ചു.