Lifestyle

വീട് വൃത്തിയാക്കല്‍ ബുദ്ധിമുട്ടാകുന്നുവോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എളുപ്പം പണി തീര്‍ക്കാം

വീട് വൃത്തിയാക്കുകയും അത് അത് പോലെ തന്നെ നിലനിര്‍ത്തുകയും ചെയ്യുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. വീക്കെന്‍ഡില്‍ കിട്ടുന്ന അവധി കൊണ്ട് പലര്‍ക്കും വീട് മൊത്തത്തില്‍ വൃത്തിയാക്കാന്‍ സാധിച്ചെന്നും വരില്ല. വീട് വൃത്തിയാക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു. എവിടെ നിന്ന് തുടങ്ങണമെന്നും എവിടെ അവസാനിപ്പിയ്ക്കണമെന്നുമുള്ള തരത്തില്‍ വൃത്തിയാക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ വളരെ വേഗത്തില്‍ കഴിയും….

  • പതിവായുള്ള വൃത്തിയാക്കല്‍ – ഡിപ് ക്ലീനിങ് എല്ലാ ദിവസവും നടത്താനാകില്ലെങ്കിലും ചില ഇടങ്ങളെങ്കിലും എന്നും വൃത്തിയാക്കുന്നത് ദിനചര്യയുടെ ഭാഗമാക്കാം. ഉദാഹരണത്തിന് അടുക്കളയിലെ കൗണ്ടര്‍ടോപ്പുകള്‍ പതിവായി തുടയ്ക്കുന്നതും കിടക്കുന്നതിനു മുന്‍പ് അത് വൃത്തിയാണെന്ന് ഉറപ്പാക്കുന്നതും ശീലമാക്കിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. കിടക്കവിരികള്‍ പതിവായി വിരിക്കുന്നതും അലക്കിയെടുത്ത തുണികള്‍ മടക്കി വയ്ക്കുന്നതുമെല്ലാം ഇതില്‍ പെടും. ഇക്കാര്യങ്ങള്‍ പതിവായി ചെയ്താല്‍ ആഴ്ചയിലൊരിക്കല്‍ വീട് മുഴുവന്‍ വൃത്തിയാക്കാനിറങ്ങുമ്പോള്‍ അത് അധിക ബാധ്യതയാവില്ല.
  • വൃത്തിയാക്കല്‍ മുകളില്‍ നിന്നും താഴേക്ക് – മുറി വൃത്തിയാക്കുമ്പോള്‍ സീലിങ്ങില്‍ നിന്നും വേണം വൃത്തിയാക്കല്‍ ആരംഭിക്കാന്‍. മേല്‍ക്കൂരയിലെ മാറാലയും ഫാനിലെ പൊടിപടലങ്ങളും തുടച്ചെടുത്ത ശേഷം ഭിത്തി, കര്‍ട്ടന്‍, കൗണ്ടര്‍ ടോപ്പ്, ഫര്‍ണിച്ചറുകള്‍ എന്നിവ വൃത്തിയാക്കാം. ഇതിനു ശേഷം കിടക്കവിരികള്‍ കുടഞ്ഞെടുത്ത് തറ അടിച്ചുവാരി തുടച്ചെടുത്താല്‍ വീണ്ടും പൊടിപടലങ്ങള്‍ മുകളില്‍ നിന്നും വന്നു പതിക്കാതെ വൃത്തിയാക്കല്‍ പൂര്‍ണമാക്കാന്‍ സാധിക്കും.
  • ഡിക്ലറ്ററിങ് പതിവാക്കാം – ഉപയോഗം കഴിഞ്ഞ വസ്തുക്കള്‍ കളയാന്‍ മടിച്ച് സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍, വേണ്ടാത്ത വസ്തുക്കള്‍കൊണ്ട് വീട് നിറയും. ആവശ്യം കഴിഞ്ഞതോ തീരെ ഉപയോഗമില്ലാത്തതോ ആയ വസ്തുക്കള്‍ സമയം കിട്ടുന്നതനുസരിച്ച് ഒഴിവാക്കുക. അലമാരകള്‍ കൗണ്ടര്‍ടോപ്പുകള്‍ സ്റ്റോറേജ് ഇടങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കലെങ്കിലും അടുക്കിപെറുക്കി വയ്ക്കണം. അധികം സമയം പാഴാക്കാതെ വൃത്തിയാക്കല്‍ വളരെ എളുപ്പത്തില്‍ തീര്‍ക്കാന്‍ ഇതിലൂടെ സാധിക്കും.
  • പുതിയത് വാങ്ങുമ്പോള്‍ പഴയത് ഒഴിവാക്കാം – വീട്ടിലേക്ക് പുതിയ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ മുന്‍പുള്ളത് കാലപ്പഴക്കം ചെന്നതാണെങ്കിലും ഉപയോഗിക്കാവുന്ന അവസ്ഥയിലാണെന്ന് കരുതി സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്. അനാവശ്യ സാധനങ്ങള്‍ വീട്ടില്‍ കുമിഞ്ഞു കൂടുന്നതിന്റെ പ്രധാന കാരണം ഇതാണ്. പുതിയത് വാങ്ങുമ്പോള്‍ പഴയത് വീണ്ടും ഉപയോഗിക്കാനാവുമെന്ന ചിന്തയില്‍ സ്വരുക്കൂട്ടി വയ്ക്കാതെ സംഭാവന നല്‍കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇത്തരത്തില്‍ അനാവശ്യ സാധനങ്ങള്‍ വീടിനുള്ളില്‍ കൂടി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താം. ഇതിലൂടെ എളുപ്പത്തില്‍ വൃത്തിയാക്കുകയും ചെയ്യാം.
  • ക്ലീനിങ് ഉത്പന്നങ്ങള്‍ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കാം – മള്‍ട്ടിടാസ്‌ക് ചെയ്യാനും അതുവഴി വൃത്തിയാക്കല്‍ ലളിതമാക്കാനും സഹായിക്കുന്ന വൈവിധ്യമാര്‍ന്ന ക്ലീനിങ് ഉല്‍പന്നങ്ങള്‍ തന്നെ തിരഞ്ഞെടുക്കാം. കൗണ്ടര്‍ടോപ്പുകള്‍, തറ, ഗൃഹോപകരണങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്ന ഓള്‍ പര്‍പ്പസ് ക്ലീനറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഓരോ ഇടവും വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതിന് അനുയോജ്യമായ ഉല്‍പന്നങ്ങള്‍ തേടി പോകാതെ ഒറ്റയടിക്ക് വൃത്തിയാക്കല്‍ നടത്താന്‍ ഇത് സഹായിക്കും. കുറഞ്ഞ ഉപയോഗത്തിലൂടെ ഏറ്റവും ഫലപ്രദമായി വൃത്തിയാക്കാന്‍ സഹായിക്കുന്ന ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുക.
  • മൈക്രോ ഫൈബര്‍ തുണി ഉപയോഗിക്കാം – സാധാരണ വീടുകള്‍ വൃത്തിയാക്കുന്നതിനായി പഴയ തുണിത്തരങ്ങളാണ് എല്ലാവരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിനു പകരം വൃത്തിയാക്കലിനു മാത്രമായി വിപണിയില്‍ ലഭിക്കുന്ന മൈക്രോഫൈബര്‍ തുണികള്‍ ഉപയോഗിക്കാം. പൊടിപടലങ്ങളും അഴുക്കും എണ്ണമയവും ഒരു പ്രതലത്തിനും ദോഷം വരാതെ പൂര്‍ണമായി നീക്കം ചെയ്യാന്‍ ഇവ ഏറ്റവും ഉപകാരപ്രദമാണ്. കഴുകിയെടുത്ത് പലതവണ ഉപയോഗിക്കാം എന്നതും പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *