Sports

ലോകകപ്പില്‍ സെമി സാധ്യതയുള്ള ആ നാലുടീമുകള്‍ ഇവയാണ്; ഹോട്ട്‌ഫേവറിറ്റ് ടീമിനെ തള്ളി ഇര്‍ഫാന്‍ പത്താന്‍

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ആര് ജേതാക്കളാകുമെന്ന കൂട്ടിക്കിഴിക്കലുകളിലാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍. ഈ പട്ടികയില്‍ ഏറ്റവും പുതിയതായി ചേര്‍ന്നിരിക്കുന്നത് ഇന്ത്യയുടെ മൂന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനാണ്. ലോകകപ്പില്‍ സെമിയില്‍ കടക്കാന്‍ പോകുന്ന നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇര്‍ഫാന്‍.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് ഇര്‍ഫാന്റെ പട്ടികയില്‍ സെമിയില്‍ കടക്കാന്‍ സാധ്യതയുള്ള ടീമുകള്‍. ടൂര്‍ണമെന്റിനുള്ള ബില്‍ഡ്-അപ്പില്‍ ഏറ്റവും ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയാണ് ഇര്‍ഫാന്റെ അഭിപ്രായത്തില്‍ ഫേവറിറ്റുകള്‍. അവര്‍ ഏഷ്യാ കപ്പ് നേടി, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര വിജയത്തോടെ കത്തി നില്‍ക്കുകയാണ്. നാട്ടില്‍ കളിക്കുന്നെന്ന ആനുകൂല്യവും അവര്‍ക്ക് തുണയാകുകയും ചെയ്യുന്നതായി ഇര്‍ഫാന്‍ പത്താന്‍ പറയുന്നു. ഓസ്‌ട്രേലിയ എപ്പോഴും ഫേവറിറ്റുകളാണ്.

ആദ്യ രണ്ടു മത്സരം പരാജയപ്പെട്ട ശേഷം ഓസ്‌ട്രേലിയയെ മൂന്ന് മത്സരങ്ങളില്‍ തോല്‍പ്പിച്ചുകൊണ്ട് കയറി വന്ന ദക്ഷിണാഫ്രിക്കയുടെ മികച്ച ഫോമാണ് അവരെ അവസാന നാലില്‍ ഹോട്ട് ഫേവറിറ്റുകളാക്കുന്നത്. ഇംഗ്‌ളണ്ടിന്റെ സാധ്യതകള്‍ അവര്‍ അടുത്തകാലത്ത്് ന്യൂസിലന്റിനെതിരേ എടുത്ത മികവാണ്. അതേസമയം ഏഷ്യന്‍ ആനുകൂല്യത്തില്‍ വമ്പന്‍ കരുത്തുകാട്ടുന്ന ഒരു ടീമിനെ ഇര്‍ഫാന്‍ വിട്ടുകളഞ്ഞത് മറ്റ് ക്രിക്കറ്റ് വിശാരദരെ ഞെട്ടിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ വിജയിക്കാനുള്ള ഇന്ത്യയെ പോലെ തന്നെ പ്രതിഭകളുടെ ധാരാളിത്തമുള്ള ഹോട്ട് ഫേവറിറ്റുകളിലൊന്നായി കണക്കാക്കുന്ന പാക്കിസ്ഥാനെ ഇര്‍ഫാന്‍ ഒഴിവാക്കി.

ഏഷ്യാ കപ്പില്‍ വീണുപോയതാണ് ഇര്‍ഫാന്‍ പത്താന്‍ പാകിസ്താനെ തഴയാന്‍ കാരണം. ഏഷ്യാ കപ്പില്‍ ശ്രീലങ്കയോട് അവസാന മത്സരത്തില്‍ തോറ്റ അവര്‍ ഇന്ത്യക്കെതിരെ 228 റണ്‍സിന്റെ നാണംകെട്ട തോല്‍വിയും ഏറ്റുവാങ്ങി. ഇതിനൊപ്പം കൂനിന്‌മേല്‍ കുരു എന്ന പോലെ സ്റ്റാര്‍ പേസ് ബൗളര്‍ നസീം ഷാ ഏകദിന ലോകകപ്പില്‍ നിന്ന് പുറത്തായത് ടീമിനെ വലച്ചിരിക്കുകയുമാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കുകൂട്ടിയാണ് ഇര്‍ഫാന്‍ പത്താന്‍ പാകിസ്താനെ കുറച്ചു കാണാന്‍ കാരണമായത്. ഒക്ടോബര്‍ 5 ന് അഹമ്മദാബാദില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ മെഗാ ഇവന്റിന് തുടക്കമാകും. ഒക്ടോബര്‍ 8 ന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 14 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടുന്നത്.