ബിഹാറിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസർ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് ചെറുപ്പക്കാരായ പെൺകുട്ടികളുടെ അടുത്തുവെച്ച് ഇയാൾ അപകടകരമായ അഭ്യാസങ്ങൾ മനഃപൂർവം നടത്തുന്ന നിരവധി വീഡിയോകൾ പുറത്തുവന്നതാണ് കാരണം. ഈ ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററുടെ അശ്രദ്ധമായ പെരുമാറ്റം പൊതു സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് പല ഉപയോക്താക്കളും പറയുന്നു. ഇതേത്തുടർന്ന് ഇയാൾ വിമർശിക്കപ്പെടുകയാണ്.
ഓൺലൈനിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ, ഇയാൾ തെരുവിലൂടെ നടന്നുപോകുന്ന പെൺകുട്ടികളുടെ അടുത്തെത്തുമ്പോള്‍ അവരുടെ തൊട്ടുമുന്നിൽവച്ച് ബാക്ക്ഫ്ലിപ്പുകളോ (വായുവില്‍ കുട്ടിക്കരണം മറിയല്‍) ചാട്ടങ്ങളോ നടത്താൻ ശ്രമിക്കുന്നത് കാണാം. ഈ അഭ്യാസങ്ങൾ കുട്ടികളുടെ വളരെ അടുത്ത് വെച്ചാണ് ചെയ്യുന്നത്. ഇത് പെട്ടെന്ന് കുട്ടികളെ പേടിപ്പിക്കുകകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. ചെറുപ്പക്കാരായ പെൺകുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല ഇയാളുടെ ഈ പ്രവൃത്തി, സ്കൂൾ കുട്ടികൾ, മുതിർന്ന കാൽനടയാത്രക്കാർ, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷയെക്കുറിച്ച് ഒരു ശ്രദ്ധയുമില്ലാതെ സമാനമായ അഭ്യാസങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്.
ഏറ്റവുമധികം ആളുകൾ കണ്ട ഒരു ക്ലിപ്പിൽ, ഇയാൾ ബാക്ക്ഫ്ലിപ്പ് ചെയ്യാൻ ശ്രമിക്കുന്നത് പരാജയപ്പെടുകയും അതുവഴി നടന്ന ഒരു പെൺകുട്ടിയുടെ മേൽ നേരിട്ട് വീഴുകയും ചെയ്യുന്ന ദൃശ്യങ്ങളുണ്ട്. ഇതില്‍ ആ പെൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ടെന്നും കാണാം. വീഡിയോ ജനരോഷത്തിനും അധികാരികളുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളികൾക്കും കാരണമായി. ഓൺലൈൻ ശ്രദ്ധ നേടുന്നതിനായി ഈ ഇൻഫ്ലുവൻസർ ഷോക്ക് വാല്യുവിനും വൈറൽ ആകുന്നതിനും മാത്രമാണ് മുൻഗണന നൽകുന്നതെന്നും, അപരിചിതരെ അപകടത്തിലാക്കുന്നുവെന്നും പല ഉപയോക്താക്കളും ചൂണ്ടിക്കാട്ടി.
നെറ്റിസൺസ് ആവർത്തിച്ച് പോലീസ് ഹാൻഡിലുകൾ ടാഗ് ചെയ്യുകയും ഇയാൾക്കെതിരെ കർശന നടപടി എടുക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നിട്ടും, ഇതുവരെ നിയമപാലകരിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഇയാളുടെ പല വീഡിയോകളും ശ്രദ്ധേയമായ രീതിയിൽ കാഴ്ചക്കാരെ നേടുന്നതിനാൽ, ഇൻഫ്ലുവൻസർ ഇപ്പോഴും വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് തുടരുന്നു. ഇത് ഓൺലൈനിൽ പങ്കുവെക്കുന്ന ദോഷകരമായ ഇത്തരം പ്രവൃത്തികള്‍ കർശനമായി നിരീക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. ഇയാൾക്ക് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 35,000 ഫോളോവേഴ്‌സ് ഉണ്ട്, ഇയാളുടെ നിരവധി വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചകളും ലഭിച്ചിട്ടുണ്ട്.




