ഇന്ത്യയിലെ ഏറ്റവും വിലയേറിയ കോക്ക്‌ടെയ്‌ലിനെപ്പറ്റി നിങ്ങള്‍ക്ക് അറിയാമോ? ഹൈദരാബാദിലെ ഫൈന്‍ ഡൈനിങ് റെസ്റ്റോറന്റായ ടാന്‍സെനിലാണ് ഇത്തരത്തിലുള്ള കോക്ക്‌ടെയ്ല്‍ ലഭിക്കുന്നത്. ഒരു ഗ്ലാസ് കോക്ടെയിലിന് വില 10000 രൂപയാണ്. ഇത് അറിയപ്പെടുന്നത് ജുവൽ ഓഫ് ടാന്‍സെന്‍ എന്നാണ്.
കഴിഞ്ഞ വര്‍ഷം ടാന്‍സെന്‍ പുറത്തിറക്കിയ രാജകീയ കോക്ടെയിലുകളുടെ ഒരു പ്രത്യേകശേഖരത്തിലുള്ളതാണ് ഇത്. രാജകീയ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സസൂക്ഷ്മമായി തയ്യാറാക്കിയതാണ് ഈ കോക്ക്‌ടെയിലുകള്‍. പ്രശസ്ത മിക്‌സോളജിസ്റ്റ് യാങ്ഡപ്പ് ലാമ തയ്യാറാക്കിയ മെനുവില്‍ ജുവല്‍ ഓഫ് ടാന്‍സെന്‍ , റാഗ് ബൈ ടാന്‍സെന്‍, ബീഗം കി ബസാര്‍ തുടങ്ങിയ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കോക്ടെയിലുകളും മറ്റ് സിഗ്നേച്ചര്‍ പാനീയങ്ങളും അടങ്ങിയിരിക്കുന്നു.
സൗദി അറേബ്യയിലെ പ്രശസ്തമായ അല്‍ മദീന മേഖലയില്‍ നിന്നും ലഭിക്കുന്ന അജ് വ ഈത്തപ്പഴവും , ഇറ്റലിയില്‍ നിന്നുള്ള ക്രഞ്ചി പൈന്‍ നട്ട്‌സ് , ട്രഫിള്‍സ് രുചിയുള്ള വെര്‍മൗത്ത് എന്നിവയ്‌ക്കൊപ്പം റോയല്‍ സല്യൂട്ട് 21 ഇയേഴ്‌സ് വിസ്‌കി ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. കൂടാതെ ഒരു പാളിയായ ചതുരാകൃതിയിലുള്ള സ്വര്‍ണ ഇല ഐസ് ക്യൂബ് ചേര്‍ക്കുന്നു.
ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ടാന്‍സന്റെ പേരിലാണ് ഈ കോക്ടെയില്‍ അറിയപ്പെടുന്നത്. ഏഷ്യയിലുള്ള 50 മികച്ച ബാറുകള്‍ക്ക് നല്‍കുന്ന അംഗീകാരമായ റോക്കു ഇന്‍ഡസ്ട്രി ഐക്കണ്‍ അവാര്‍ഡ് നേടിയ വ്യക്തിയാണ് യാങ്ഡപ്പ്‌ലാമ.
ലജാവാബ് ഭാര്‍വ ടിക്കി, ഭട്ടി കാ ലുര്‍ഗ്, ഗുണ്ടൂര്‍ ചിക്കന്‍ ടിക്ക, കാലി മിര്‍ച്ച് പനീര്‍ ടിക്ക, ജലാപീനോസ് കോണ്‍ സീക്ക് തുടങ്ങിയ അപ്പെറ്റൈസറുകളും ദാല്‍ ടാന്‍സെന്‍, സബ്‌സ് കാ മെല്‍, പട്യാല ഷാഹ് ചിക്കന്‍, ചിക്കന്‍ ബിരിയാണി,വെജ് ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങളും ഇതിനോടൊപ്പം ചേര്‍ക്കാം.
ഷിക്കാഗോയിലെ സ്‌റ്റേറ്റ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന അഡലിന എന്ന ഇറ്റാലിയന്‍ റെസ്‌റ്റോറന്റിലാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ മാര്‍ട്ടിനിയായ ദി മാരോ ഉള്ളത്. ഇതിന് വില വരുന്നത് 13000 ഡോളറാണ്. 14 കാരറ്റ് സ്വര്‍ണ്ണത്തില്‍ 150 വജ്രങ്ങള്‍ പതിച്ച ഡയമണ്ട് നെക്ലേസിനൊപ്പം വിളമ്പുന്നതിനാലാണ് മാര്‍ട്ടിനിക്ക് ഇത്ര വില. കോളിന്‍ ഹോഹറാണ് ഇത് വികസിപ്പിച്ചെടുത്തത്.