The Origin Story

ഇന്ത്യയിലെ ആദ്യ ഹൊറര്‍ സിനിമ ഏതാണ് ? ബോക്‌സോഫീസില്‍ 200 കോടി നേടിയ ചിത്രം

ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ വിപണിയിലെ സംസാരം ആയിരം കോടിയെ കുറിച്ചാണ്. ഷാരൂഖ് നായകനായ ജവാന്‍ 1000 കോടിയിലേക്ക് കയറിയതോടെ ഇന്ത്യയിലെ ഏറ്റവും പണംവാരി ചിത്രവുമായി. പക്ഷേ ഇവിടെ സംസാരിക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ ഹൊറര്‍ സിനിമയെക്കുറിച്ചാണ്. ബ്‌ളോക്ക് ബസ്റ്ററായി മാറിയ സിനിമ നേടിയ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ? ഇന്നത്തെ മൂല്യം വെച്ച് 200 കോടി.

1949 ല്‍ പുറത്തുവന്ന ‘മഹല്‍’ ആണ് ഇന്ത്യയിലെ ആദ്യ ഹൊറര്‍ സിനിമയായി കണക്കാക്കുന്നത്. മധുബാല നായികയായ കമല്‍ അംരോഹി സംവിധായകനായി അരങ്ങേറ്റം നടത്തിയ സിനിമ അന്ന് ഏറ്റവും ചെലവേറിയ സിനിമയായിരുന്നു. 9 ലക്ഷമായിരുന്നു സിനിമയുടെ നിര്‍മ്മാണചെലവ്. എന്നാല്‍ ബോക്‌സോഫീസില്‍ 1.25കോടി രൂപയോളം നേടുകയും ചെയ്തു. 1949-ല്‍, ബര്‍സാത്തിനും ആന്ദസിനും ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായിട്ടാണ് മഹല്‍ മാറിയത്.

മഹല്‍ 1500 ശതമാനത്തിലധികം ലാഭം നേടി. ഇന്നത്തെ പണപ്പെരുപ്പത്തിന് അനുസരിച്ച് ഇത് ക്രമീകരിച്ചാല്‍ സിനിമയുടെ ചെലവ് 12-14 കോടി രൂപയോളം വരും. ലാഭം 200 കോടിയോളവും. ബോംബെ ടാക്കീസ് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് കമല്‍ അംരോഹി സിനിമ നിര്‍മ്മിച്ചത്, പണം ലാഭിക്കാന്‍ അംരോഹി തന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുവരെ പണമെടുക്കേണ്ടി വന്നിരുന്നു. മധുബാലയും അശോക് കുമാറും നായികാനായകന്മാരായ സിനിമയില്‍ നായികയാകുമ്പോള്‍ 15 വയസ്സായിരുന്നു മധുബാലയുടെ പ്രായം. ബോളിവുഡിലെ ഏറ്റവും ലാഭകരമായ ഹൊറര്‍ സിനിമയായിട്ടാണ് ഇത് മാറിയത്.