സംഗീത ആലാപന ലോകത്തെ ഒരു തിളങ്ങുന്ന നക്ഷത്രമായിരുന്നു ഈ കലാകാരി. അവരുടെ മരണത്തിന് 95 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ആ മാധുര്യമുള്ള ശബ്ദം ആളുകളുടെ കാതുകളില്‍ പ്രതിധ്വനിക്കുന്നു. 10 ഗ്രാം സ്വര്‍ണത്തിന് 20 രൂപ വിലയുണ്ടായിരുന്ന കാലത്ത് ഒരു ഷോയ്ക്ക് മൂവായിരം രൂപയാണ് ഈ ഗായിക പ്രതിഫലമായി വാങ്ങിയിരുന്നത്. പറഞ്ഞു വരുന്നത് മറ്റാരെ കുറിച്ചുമല്ല ഗൗഹര്‍ ജാന്‍ എന്ന പ്രശസ്ത ഗായികയെ കുറിച്ച് ആണ്.
1911 ഡിസംബറില്‍ ഡല്‍ഹി ദര്‍ബാറില്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റും അക്കാലത്തെ മികച്ച കലാകാരിയുമായിരുന്നു അവര്‍. ഗൗഹര്‍ ജാനുമായി ബന്ധപ്പെട്ട ഈ സംഭവം 1902-ലേതാണ്. കല്‍ക്കട്ടയിലെ ഒരു ഹോട്ടലില്‍ ഒരു താല്‍ക്കാലിക സ്റ്റുഡിയോ സ്ഥാപിച്ചു.
നവംബര്‍ 11-ന് അവര്‍ തന്റെ ഏറ്റവും മികച്ച വസ്ത്രം ധരിച്ച് അവരുടെ പരിചാരകരോടും സംഗീതജ്ഞരോടും ഒപ്പം എത്തി. ലണ്ടനിലെ ഗ്രാമഫോണ്‍ ആന്‍ഡ് ടൈപ്പ്റൈറ്റര്‍ ലിമിറ്റഡിന്റെ (ജിടിഎല്‍) റെക്കോര്‍ഡിംഗ് വിദഗ്ധനായ വില്യം ഗെയ്സ്ബെര്‍ഗ് അവര്‍ക്ക് പാടാന്‍ മൂന്ന് മിനിറ്റ് നല്‍കി.
റെക്കോര്‍ഡിങ്ങിന്റെ അവസാനം അവര്‍ക്ക് സ്വയം പരിചയപ്പെടുത്തേണ്ടി വന്നു. അവള്‍ അലറി പറഞ്ഞു , ‘ഞാന്‍ ഗൗഹര്‍ ജാന്‍ ആണ്’ ഇത് ഒരു തരത്തില്‍ ഒരു മഹാനായ കലാകാരിയുടെ വരവിന്റെ പ്രഖ്യാപനമായിരുന്നു. ഗൗഹറിന്റെ ആകര്‍ഷകമായ ശബ്ദം ഗെയ്സ്ബെര്‍ഗിന്റെ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയപ്പോള്‍ തന്നെ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം വലിയ കുതിച്ചുചാട്ടത്തിന്റെ പാതയിലായിരുന്നു. വേശ്യാലയങ്ങളുടെയും മെഹ്ഫില്ലുകളുടെയും വലയത്തില്‍ നിന്ന് പുറത്തുവന്ന് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം സാധാരണക്കാരുടെ വീടുകളിലേക്ക് എത്തിത്തുടങ്ങിയത്.
ലണ്ടനിലെ ഗ്രാമഫോണ്‍ കമ്പനി അവരുടെ ജര്‍മ്മന്‍ ഏജന്റായ വില്യം ഗൈസ്ബര്‍ഗിനെ ഇന്ത്യയിലെ സംഗീത പ്രതിഭകളുടെ ഗാനങ്ങള്‍ റെക്കോര്‍ഡു ചെയ്യാന്‍ അയച്ചിരുന്നു. ആദ്യ റെക്കോര്‍ഡിംഗിനായി അദ്ദേഹം ഗൗഹര്‍ ജാനെ തിരഞ്ഞെടുത്തു. അന്ന് റെക്കോര്‍ഡിംഗിനായി 3000 രൂപ ഗൗഹര്‍ ജാന്‍ ആവശ്യപ്പെട്ടിരുന്നു. ഗൗഹര്‍ ജാന്റെ ജീവിതം മാറ്റിമറിച്ച നിമിഷമായിരുന്നു ഇത്. വാണിജ്യപരമായി ഗാനം റെക്കോര്‍ഡ് ചെയ്ത ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഗായികയായി അവര്‍ മാറി.
1873 ജൂണ്‍ 26-ന് അസംഗഢിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഗൗഹര്‍ ജാന്‍ ജനിച്ചത്. നേരത്തെ ആഞ്ജലീന യോവാര്‍ഡ് എന്നായിരുന്നു അവളുടെ പേര്. വ്യത്യസ്തമായ ഒരു കുടുംബത്തിലാണ് ഗൗഹര്‍ ജനിച്ചത്. അവളുടെ മുത്തശ്ശി ഹിന്ദുവായിരുന്നു, മുത്തച്ഛനും പിതാവും ബ്രിട്ടീഷ് ക്രിസ്ത്യാനികളായിരുന്നു. അവള്‍ക്ക് വെറും ആറ് വയസ്സുള്ളപ്പോള്‍, അവളുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടി.
അവരുടെ അമ്മ വിക്ടോറിയ ഹെമിംഗ്‌സ് തന്റെ മുസ്ലീം അഭ്യുദയകാംക്ഷികളില്‍ ഒരാളായ ഖുര്‍ഷിദിനൊപ്പം ബനാറസിലേക്ക് താമസം മാറ്റി. ഇവിടെ വച്ചാണ് വിക്ടോറിയയും മകളും ഇസ്ലാം മതം സ്വീകരിച്ചത്. രണ്ടുപേരും യഥാക്രമം ബാഡി മല്‍ക്ക ജാന്‍, ഗൗഹര്‍ ജാന്‍ എന്ന പേരുകള്‍ സ്വീകരിച്ചു.
ബനാറസിലെ സാംസ്‌കാരികവും ഊഷ്മളവുമായ അന്തരീക്ഷത്തില്‍, സംഗീതത്തിലെയും നൃത്തത്തിലെയും കവിതയിലെയും ഗൗഹര്‍ ജാനിന്റെ സ്വതസിദ്ധമായ കഴിവുകള്‍ വളര്‍ന്നു. ബാഡി മല്‍ക്ക ജാനും ഗൗഹറിനൊപ്പം കല്‍ക്കട്ടയിലേക്ക് താമസം മാറ്റി, നവാബ് വാജിദ് അലി ഷായുടെ കൊട്ടാരത്തില്‍ സംഗീതജ്ഞയായി.
കല്‍ക്കട്ടയിലെ ഉന്നതരുടെയും രക്ഷാധികാരികളുടെയും പിന്തുണയോടെ, അവള്‍ നഗരത്തിലെ ഏറ്റവും പ്രശസ്തമായ കൊട്ടാരദാസികളില്‍ ഒരാളായി. ഗൗഹര്‍ ജാന്റെ ആലാപന ശ്രേണി വളരെ വിശാലമായിരുന്നു, ഖയാല്‍ മുതല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലഘുരൂപങ്ങളായ തുംരി, ദാദര്‍, കജ്രി, ഹോരി, ചൈതി, ഭജന്‍ എന്നിവ വരെ ഉണ്ട്. 1930 ജനുവരി 17-ന് അവര്‍ അന്തരിച്ചു.