Featured Lifestyle

ബാങ്കോക്കിലെ സ്ട്രീറ്റ് സ്റ്റാളിൽ ഓംലെറ്റിന് നൽകിയത് 3500 രൂപ: കാരണം വ്യക്തമാക്കി ഇന്ത്യൻ യുട്യൂബർ

ബാങ്കോക്കിലെ മിഷേലിൻ സ്റ്റാർ ബഹുമതിയുള്ള (റെസ്റ്റോറന്റുകളുടെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കി റാങ്ക് ചെയ്യുന്ന ആഗോള ഗൈഡായ മിഷേലിൻ ഗൈഡ് നൽകുന്ന ബഹുമതിയാണ് മിഷേലിൻ സ്റ്റാർ. മിഷേലിൻ ഗൈഡ് നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ല. നക്ഷത്രങ്ങൾ മികവിന്റെ നിലവാരത്തെ സൂചിപ്പിക്കുന്നു.) ഒരു തെരുവ് റെസ്റ്റോറൻ്റിലേക്ക് അവരുടെ ഏറ്റവും പ്രശസ്തമായ ഞണ്ട് ഓംലെറ്റ് പരീക്ഷിക്കാനായി നടന്നുനീങ്ങുന്ന ഒരു ഇന്ത്യൻ യൂട്യൂബറുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഏകദേശം 3,500 രൂപ നൽകിയാണ് യൂട്യൂബർ ഈ വിഭവം പരീക്ഷിക്കുന്നത്. അദ്ദേഹം തന്നെയാണ് തൻ്റെ അനുഭവം രേഖപ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഡിസിടി ഈറ്റ്‌സ് എന്ന ഫുഡ്‌ ചാനലിലെ അവതാരകനായ ദാസരാജ് സെന്തമിൽ തരുൺ എന്ന യുവാവാണ് ഓംലെറ്റ് പരീക്ഷിക്കുന്നതിനായി പ്രശസ്തമായ റാൻ ജയ് ഫായ് ഔട്ട്‌ലെറ്റ് സന്ദർശിച്ചത്. പെട്ടെന്ന് വിഭവം കിട്ടുമെന്ന പ്രതീക്ഷയിൽ തരുൺ എത്തിയെങ്കിലും റെസ്റ്ററന്റിന് മുൻപിൽ വളരെ നീണ്ട ക്യൂ ആയിരുന്നു. അയാൾ ഇരിക്കുന്നതിന് മുമ്പ് തന്നെ റെസ്റ്റോറൻ്റ് യുവാവിന്റെ ഓർഡർ എടുത്തിരുന്നു. “ഇത് ഒരു ഫ്ലൈറ്റിൽ ചെക്ക് ഇൻ ചെയ്യുന്നതുപോലെ തോന്നി,” ഇൻസ്റ്റാഗ്രാമിലെ തൻ്റെ വീഡിയോ പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചു.

സ്റ്റാളിന്റെ പ്രശസ്തി ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ മാത്രമല്ല, റെസ്റ്റോറന്റിലെ പാചകക്കാരി 81 കാരിയായ ഷെഫ് ജെയ് ഫായിയാണ് ജനക്കൂട്ടത്തിന്റെ പ്രധാന ആകര്‍ഷണം. അവരുടെ ഐക്കണിക് സ്കീ ഗോഗിൾസ് ധരിച്ചുള്ള നിൽപ്പു കണ്ടാൽ ശെരിക്കും ഒരു യോദ്ധാവിനെ പോലെയാണ് തോന്നുന്നത്. സീറ്റ് കിട്ടിയിട്ടും , തരുണിനു തന്റെ ഭക്ഷണം ലഭിക്കാന്‍ 30 മിനിറ്റിലധികം നേരം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ തന്റെ മുന്നിൽ എത്തിയ ഓംലെറ്റ് മുടക്കുന്ന കാശിന് മാത്രം ഉണ്ടോയെന്ന് തോന്നുന്ന ഒരു വിഭവം ആയിരുന്നു . കൗതുകത്തോടെയും ചെറുതായി പേടിയോടെയും അയാൾ അതിലൊന്ന് കടിച്ചു.

“3,500 രൂപ വിലയുള്ള ഒരു ഭീമാകാരമായ ഞണ്ട് നിറച്ച ഓംലെറ്റ്! ആയിരുന്നു അത്. ഓരോ കടിയും മധുരവും രുചിയും നിറഞ്ഞതായിരുന്നു. ഞണ്ടിന്റെ മൃദുവായ മാംസവും നന്നായി പാകം ചെയ്ത ഓംലെറ്റും ചേർന്നപ്പോൾ ഇത് ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ നിമിഷമായിമാറി. ഇത് തീർച്ചയായും വിലമതിക്കുന്നതാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജയ് ഫായിയുടെ കട’ എന്ന് അറിയപ്പെടുന്ന ജയ് ഫായിയുടെ ഭക്ഷണശാല, 2018-ൽ മിഷേലിൻ സ്റ്റാർ ലഭിക്കുന്ന തായ്‌ലൻഡിലെ ആദ്യത്തെ സ്ട്രീറ്റ് സ്റ്റാളാണ്. ഈ അംഗീകാരം ഭക്ഷണശാലയെ ഒരു അന്താരാഷ്ട്ര സ്പോട്ടാക്കി മാറ്റി. 2021-ൽ ഏഷ്യയിലെ 50 മികച്ച റെസ്റ്റോറന്റ് ഐക്കൺ അവാർഡ് നൽകി റെസ്റ്ററന്റിനെ ആദരിച്ചിരുന്നതും വലിയ വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *