Celebrity

50 സെക്കന്‍ഡ് പരസ്യത്തിന് അഞ്ച് കോടി രൂപ വാങ്ങുന്ന നടി ;  അത് ആലിയയോ, ദീപികയോ, കരീനയോ അല്ല

ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയായ ഈ താരം 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വിനോദ വ്യവസായത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുമ്പ് അവര്‍ പാര്‍ട്ട് ടൈം മോഡലായും ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ചാണ്.

ടാറ്റ സ്‌കൈയുടെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് നയന്‍താര അഞ്ച് കോടി രൂപയാണ് ഈടാക്കിയതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസങ്ങളിലായി ചിത്രീകരിച്ച പരസ്യം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലായാണ് പുറത്തിറങ്ങിയത്. ഇന്ത്യയൊട്ടാകെ ആരാധകവൃന്ദമുള്ള നയന്‍താര ഒരു ചിത്രത്തിന് 10 കോടി രൂപയാണ് പ്രതിഫലമായ വാങ്ങുന്നത്. ടെലിവിഷന്‍ അവതാരകയായാണ് നയന്‍താര തന്റെ കരിയര്‍ ആരംഭിച്ചത്. ഡയാന എന്ന സ്വന്തം പേരില്‍, ചമയം എന്ന ഫാഷന്‍ ആന്റ് ലൈഫ്സ്റ്റൈല്‍ ഷോയിലൂടെയാണ് അവര്‍ ടെലിവിഷന്‍ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായ ചിത്രം മനസ്സിനക്കരെയിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു ചിത്രം വിജയിച്ചതോടെ നയന്‍താരയും ശ്രദ്ധിയ്ക്കപ്പെട്ടു.  

ഭര്‍ത്താവ് വിഘ്‌നേഷിനോടൊപ്പം 4 ബിഎച്ച്‌കെ ഫ്‌ലാറ്റിലാണ് താരം താമസിക്കുന്നത്, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഫ്‌ലാറ്റിന് 100 കോടി രൂപ വിലവരും. ഇത് മാത്രമല്ല, ആഡംബര കാര്‍ ശേഖരത്തിന് പുറമേ, ഒരു ആഡംബര സ്വകാര്യ ജെറ്റിന്റെ ഉടമ കൂടിയാണ് നയന്‍താര. കഴിഞ്ഞ വര്‍ഷം, ആറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിലും നയന്‍താര അരങ്ങേറ്റം കുറിച്ചു. എസ് ശശികാന്തിന്റെ തമിഴ് ചിത്രമായ ദ ടെസ്റ്റ് പൈപ്പ് ലൈനാണ് നയന്‍താരയുടെ ഏറ്റവും പുതിയ പ്രൊജക്ട്. ചിത്രത്തില്‍ ആര്‍ മാധവന്‍, സിദ്ധാര്‍ത്ഥ്, മീരാ ജാസ്മിന്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.