ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന കാണികളെ നിശബ്ദരാക്കി ഓസ്‌ട്രേലിയ കപ്പു കൊണ്ടുപോയ ലോകകപ്പില്‍ ഇന്ത്യ മത്സരം ആരംഭിച്ചത് ‘ഹനുമാന്‍ ചാലിസ’ യോടെ. മത്സരം തുടങ്ങുന്നതിന് മുമ്പ് സ്‌റ്റേഡിയത്തില്‍ ഉണ്ടായ അനേകം വിസ്മയങ്ങളിലാണ് ഇന്ത്യയുടെ വിജയത്തിനായി ആരാധകര്‍ പ്രാര്‍ത്ഥിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്യുന്നതും കണ്ടത്.
ഒന്നരലക്ഷത്തോളം വരുന്ന കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്‌റ്റേഡിയത്തില്‍ 1,30,000 കാണികള്‍ ഉണ്ടായിരുന്നതായിട്ടാണ് കണക്കുകള്‍. തുടര്‍ച്ചയായി പത്തു മത്സരങ്ങളുടെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ കപ്പുയര്‍ത്തും എന്നു തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. കിരീടപ്പോരാട്ടത്തിലേക്ക് കടക്കുമ്പോള്‍ ആരാധകര്‍ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യങ്ങളും ഉയര്‍ത്തി.
ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ ടീമിന്റെ എയര്‍ ഷോ ഉള്‍പ്പെടെ നിരവധി വിസ്മയ ദൃശ്യങ്ങള്‍ അടങ്ങിയ ഗംഭീര പരിപാടികളായിരുന്നു ഫൈനലില്‍ നടന്നത്. സൂര്യകിരണ്‍ എയ്റോബാറ്റിക് ടീം അംഗങ്ങള്‍ ചില ത്രില്ലിംഗ് ഫോര്‍മേഷനുകള്‍ പ്രദര്‍ശിപ്പിക്കുകയും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് മുകളിലൂടെ പറക്കുകയും ചെയ്തു. 1996-ല്‍ രൂപീകരിച്ച സൂര്യകിരണ്‍ എയ്റോബാറ്റിക് ടീമില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിന്നുള്ള ഉയര്‍ന്ന പരിശീലനം ലഭിച്ച പൈലറ്റുമാര്‍ ഉള്‍പ്പെടുന്നു.
തുടര്‍ച്ചയായ പത്തു മത്സരങ്ങള്‍ക്ക് ഒടുവില്‍ ട്രാവിസ് ഹെഡ്ഡിന്റെ ഉജ്വല സെഞ്ച്വറിയുടെ മികവില്‍ ഓസ്‌ട്രേലിയ ആറു വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ആറാം തവണയാണ് ഓസീസ് ലോകകപ്പില്‍ മുത്തമിടുന്നത്. 2003 ന് ശേഷം വീണ്ടും ഇന്ത്യ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. 2003 ല്‍ ടീമിന്റെ നിര്‍ണ്ണായക താരമായിരുന്നു രാഹുല്‍ദ്രാവിഡിന് പരിശീലകനായി കിരീടത്തില്‍ മുത്തമിടാനുള്ള അവസരവും നഷ്ടമായി. ഇന്ത്യന്‍ ബാറ്റിംഗും ബൗളിംഗുമെല്ലാം പാടെ പിഴച്ചു.