Sports

ലോകകപ്പിലെ ഇന്ത്യയുടെ 40 വര്‍ഷം ; കളിച്ചത് നാലു ഫൈനലുകള്‍, രണ്ടു കിരീടങ്ങള്‍

ഈ ലോകപ്പില്‍ ന്യൂസിലന്റിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലേക്ക് കടന്നതോടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ കളിക്കാനൊരുങ്ങുന്ന നാലാമത്തെ ലോകകപ്പ് ഫൈനലിലേക്കാണ് നീലക്കടുവകള്‍ പ്രവേശിച്ചത്. രണ്ടു തവണ കിരീടം നേടിയപ്പോള്‍ ഒരു തവണ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയും ചെയ്തു.

1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോര്‍ഡ്‌സില്‍ ഒന്നുമില്ലായ്മയില്‍ നിന്നും ഇന്ത്യ ഒരു കപ്പുയര്‍ത്തി ചരിത്രമെഴുതി. കപിലിന്റെ നേതൃത്വത്തിലുള്ള ചെകുത്താന്മാര്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 54.4 ഓവറില്‍ 183 റണ്‍സിന് പുറത്തായി. ക്രിസ് ശ്രീകാന്ത്, മൊഹീന്ദര്‍ അമര്‍നാഥ് എന്നിവര്‍ യഥാക്രമം 38 ഉം 26 ഉം സ്‌കോര്‍ ചെയ്തു, എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് ഒരു പിന്തുണയും ലഭിച്ചില്ല. ആറിന് 111 എന്ന നിലയില്‍ വീണുപോയ ഇന്ത്യയെ മദന്‍ ലാല്‍, സയ്യിദ് കിര്‍മാണി, ബല്‍വീന്ദര്‍ സന്ധു എന്നിവരുടെ പോരാട്ടം മാന്യമായ സ്‌കോറിലേക്ക് നയിച്ചു.കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ 52 ഓവറില്‍ 140 റണ്‍സിന് ഇന്ത്യ എറിഞ്ഞു പുറത്താക്കി. അമര്‍നാഥും മദന്‍ ലാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 28 പന്തില്‍ 33 റണ്‍സെടുത്ത വിവ് റിച്ചാര്‍ഡ്സ് ഒഴികെയുള്ള കരീബിയന്‍ ബാറ്റ്സ്മാന്‍മാരെല്ലാം പൊരുതാതെ തന്നെ കീഴടങ്ങി.

20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഫൈനലില്‍ എത്തിയ ഇന്ത്യ 2003 ലോകകപ്പ് ഫൈനലില്‍ ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയെ നേരിട്ടു. ഓസ്‌ട്രേലിയയോട് 125 റണ്‍സിനാണ് പരാജയപ്പെട്ടത്. നായകന്‍ റിക്കി പോണ്ടിംഗിന്റെ ബാറ്റിംഗ് മികവാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. 121 പന്തില്‍ നാല് ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 140 റണ്‍സെടുത്തു. 84 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 88 റണ്‍സ് നേടിയ ഡാമിയന്‍ മാര്‍ട്ടിനോടൊപ്പം അദ്ദേഹം മൂന്നാം വിക്കറ്റില്‍ 234 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.നേരത്തെ മാത്യു ഹെയ്ഡനും ആദം ഗില്‍ക്രിസ്റ്റും ചേര്‍ന്ന് 14 ഓവറില്‍ 105 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഗില്‍ക്രിസ്റ്റ് 48 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതം 57 റണ്‍സെടുത്തു. മെന്‍ ഇന്‍ ബ്ലൂവിനായി ഹര്‍ഭജന്‍ സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. പിന്നീട് ഓസീസ് ഇന്ത്യയെ 39.2 ഓവറില്‍ 234 റണ്‍സിന് പുറത്താക്കി. വീരേന്ദര്‍ സെവാഗ് 81 പന്തില്‍ 10 ഫോറും മൂന്ന് സിക്സും സഹിതം 82 റണ്‍സ് നേടി. രാഹുല്‍ ദ്രാവിഡും 47 റണ്‍സെടുത്തെങ്കിലും അവരുടെ ശ്രമം പാഴായി.

ഏഴു വര്‍ഷത്തിന് ശേഷം ഇന്ത്യയെ തേടി കപ്പ് എത്തിയത് മുംബൈയില്‍. 2011 ല്‍ ഫൈനലില്‍ ശ്രീലങ്കയെയാണ് കീഴടക്കിയത്. 2011ലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെന്ന സ്‌കോറാണ് ഉയര്‍ത്തിയത്. മഹേല ജയവര്‍ധന 88 പന്തില്‍ 13 ബൗണ്ടറികളോടെ 103 റണ്‍സെടുത്തു.ടി എം ദില്‍ഷനും കുമാര്‍ സംഗക്കാരയും യഥാക്രമം 33 ഉം 48 ഉം റണ്‍സ് നേടിയപ്പോള്‍ പുറത്താകാതെ 22 റണ്‍സുമായി തിസാര പെരേര ഇന്നിംഗ്സിന് ആക്കം കൂട്ടി. സഹീര്‍ ഖാനും യുവരാജ് സിങ്ങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വീരേന്ദര്‍ സെവാഗിന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിക്കറ്റുകള്‍ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായെങ്കിലും കോഹ്ലിയുടെയും ഗൗതം ഗംഭീറിന്റെയും 83 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 122 പന്തില്‍ 97 റണ്‍സെടുത്ത ഗംഭീര്‍ തിസാര പെരേരയുടെ പന്തില്‍ പുറത്തായി. പിന്നീട് 79 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും സഹിതം പുറത്താകാതെ 91 റണ്‍സ് നേടിയ എംഎസ് ധോണി ഇന്ത്യയെ ഫിനിഷിംഗ് ലൈനില്‍ എത്തിച്ചു.