കിംഗ്സ് കപ്പിലെ സെമിഫൈനല്‍ തോല്‍വിയില്‍ ഇറാഖിന് പെനാല്‍റ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് കടുത്ത നിരാശ. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു. രണ്ടുതവണ ലീഡ് എടുത്ത ശേഷമായിരുന്നു ഇന്ത്യ രണ്ടു പെനാല്‍റ്റി വഴങ്ങി തോല്‍വി വിളിച്ചു വരുത്തിയത്.
സാധാരണ സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചു സമനിലയില്‍ ആയിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യ തോറ്റത്. കളി മുഴുവനും പ്രതിരോധത്തിലെ പിഴവുകളുടെ കഥയായിരുന്നു, നിര്‍ണായക നിമിഷങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധം തകര്‍ന്നതാണ് വിനയായത്. ഇറാഖിന്റെ കീപ്പര്‍ ഇന്ത്യയ്ക്ക് ഒരു ദാനഗോളും സമ്മാനിച്ചു.
ഇറാഖിന് രണ്ടാം പെനാല്‍റ്റി നല്‍കാന്‍ റഫറി എടുത്ത തീരുമാനമാണ് വിവാദമായത്. സന്ദേശ് ജിങ്കന്‍ ഇറാഖ് താരത്തെ തള്ളിയതാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. അതേസമയം ഇത് സംശയാസ്പദമാണെന്ന് ടെലിവിഷന്‍ റീപ്ലേ സൂചിപ്പിച്ചു. ‘എക്സില്‍’ ഒരു സന്ദേശം പങ്കിട്ടുകൊണ്ടാണ് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് തന്റെ നിരാശ പ്രകടിപ്പിച്ചത്.
”എന്റെ ആണ്‍കുട്ടികള്‍ ഇന്ന് രാത്രി ആ പിച്ചില്‍ എല്ലാം ഉപേക്ഷിച്ചു, ഞാന്‍ അവരെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു! ഇന്ന് രാത്രി അവരുടെ വിജയം തട്ടിയെടുക്കാന്‍ ആരോ തീരുമാനിച്ചു, പക്ഷേ എന്റെ ആണ്‍കുട്ടികള്‍ അത്തരം ഗെയിമുകള്‍ വിജയിക്കുന്നത് തടയാന്‍ റഫറിമാര്‍ക്ക് പോലും കഴിയില്ലെന്ന് പലരും പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ സമയം വരും.”