ലോകകപ്പ് അടുത്തമാസം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ബൗളിംഗിന്റെ പോരായ്മകള്‍ തുറന്നുകാട്ടി ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കെതിരേ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ കീ ബൗളര്‍ ജസ്പ്രീത് ബുംറെയെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു.
ആദ്യ രണ്ടു ഏകദിനത്തില്‍ നിന്നും വിഭിന്നമായി രാജ്‌കോട്ടിലെ മത്സരത്തിനായി ഇന്ത്യ ലോകകപ്പ് കളിക്കുന്ന ഫുള്‍ ടീമുമായിട്ടാണ് മത്സരത്തിനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് താരങ്ങള്‍ ഫ്‌ളാറ്റ് വിക്കറ്റില്‍ അടിച്ചു തകര്‍ത്തപ്പോള്‍ ബുംറ വഴങ്ങിയത് 10 ഓവറില്‍ 81 റണ്‍സായിരുന്നു. കരിയറില്‍ തന്നെ താരം ഏറ്റവും റണ്‍സ് വഴങ്ങിയ രണ്ടാമത്തെ മത്സരമായിട്ടാണ് ഇത് മാറിയത്.
2017 ല്‍ ഇംഗ്‌ളണ്ടിനെതിരേ കട്ടക്കില്‍ നടന്ന മത്സരത്തില്‍ ബുംറ ഒമ്പത് ഓവറില്‍ 81 റണ്‍സ് വഴങ്ങിയതായിരുന്നു ഇതിന് മുമ്പത്തെ താരത്തിന്റെ ഏറ്റവും ചെലവേറിയ സ്‌പെല്‍. 2016-ന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖമായിരുന്ന ബുംറ ഒമ്പത് ഓവറില്‍ 81 റണ്‍സ് വഴങ്ങിയെങ്കിലും അലക്സ് ഹെയ്ല്‍സിന്റെയും ക്രിസ് വോക്സിന്റെയും വിക്കറ്റ് അദ്ദേഹം അക്കൗണ്ടിലാക്കി.
ഓസീസിനെതിരേ നടന്ന മത്സരത്തിലും താരം 81 റണ്‍സ് വഴങ്ങിയെങ്കിലും മൂന്ന് വിക്കറ്റ് താരം പിഴുതു. ലബുഷാനേ, അലക്‌സ് കാരി, ഗ്‌ളെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ആദ്യ സ്‌പെല്ലില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ലബുഷാനേയും അലക്‌സ് കാരിയേയും വീഴ്ത്തിയ ബുംറ 45 റണ്‍സ് വഴങ്ങി. പക്ഷേ ആറ് ഓവര്‍ എറിഞ്ഞ രണ്ടാം സ്‌പെല്ലില്‍ 36 റണ്‍സായി അത് കുറച്ചു.