Sports

ഫുട്‌ബോളര്‍, പോപ്പ് സംഗീതജ്ഞന്‍, ബിസിനസുകാരന്‍, വീഞ്ഞുനിര്‍മ്മാതാവ് ; ഇന്ത്യന്‍ ഫുട്‌ബോള്‍ടീം കോച്ച് ഈഗോര്‍ സ്റ്റിമാക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?

അടുത്തിടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ടീം പരിശീലകന്‍ ഈഗോര്‍ സ്റ്റിമാക്ക് വിവാദത്തില്‍ പെട്ടത്. ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തില്‍ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം ടീം അംഗങ്ങളെ തെരഞ്ഞെടുത്തു എന്ന ആരോപണം ഉയര്‍ന്നതോടെ ഇന്ത്യന്‍ പരിശീലകന്‍ പെട്ടെന്ന് മാധ്യമശ്രദ്ധയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഫുട്‌ബോള്‍ പരിശീലകന്‍ എന്നതിന് അപ്പുറത്ത് ഒരു പോപ്പ് ആര്‍ട്ടിസ്റ്റ്, ഒരു സംരംഭകന്‍, ഒരു ഉപജ്ഞാതാവ്, നല്ല വീഞ്ഞിന്റെ നിര്‍മ്മാതാവ് തുടങ്ങി അനേകം നിലകളില്‍ പ്രശസ്തനാണ് ഇന്ത്യന്‍ പരിശീലകനെന്ന് എത്ര പേര്‍ക്കറിയാം.

ദേശീയത എന്ന വികാരം അടുത്തകാലത്ത് ഇന്ത്യന്‍ ടീമില്‍ ആവേശത്തോടെ കാണാനാകുന്നുവെങ്കില്‍ അതിന് കാരണം സ്റ്റിമാക്കിന്റെ അടിസ്ഥാന സ്വഭാവമാണ്. ബാല്‍ക്കന്‍ സംഘര്‍ഷത്തിന്റെ യുദ്ധത്തിന് നടുവില്‍ നിന്നുമാണ് സ്റ്റിമാക്ക് ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് വന്നിരിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് ക്രൊയേഷ്യന്‍ ടീമിന്റെ പരിശീലകനായപ്പോള്‍ തന്നെ സ്റ്റിമാക് ഒരു ‘ദേശസ്‌നേഹി’ എന്ന ഖ്യാതി നേടി. ദേശസ്‌നേഹത്താലാണ് അദ്ദേഹം തന്റെ കളിക്കാരെ ഉത്തേജിപ്പിച്ചിരുന്നത്.

സ്ലാവന്‍ ബിലിച്ച്, സ്വോനിമിര്‍ ബോബന്‍, ഡാവര്‍ സുകൂര്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം സ്റ്റിമാക്, 1998 ഫിഫ ലോകകപ്പിന്റെ സെമിയില്‍ എത്തിയത്. കഴിവും ഫുട്‌ബോള്‍ ഐക്യുവും കൊണ്ട് ആദ്യം കളിച്ച ലോകകപ്പില്‍ അവസാന നാലില്‍ എത്തിയ ധിക്കാരിയായ ക്രൊയേഷ്യന്‍ ടീമിന്റെ ഭാഗമായിരുന്നയാളാണ് ഈഗോര്‍ സ്റ്റീമാക്ക്.

ഇന്ത്യയിലെ നാല് വര്‍ഷത്തിനിടയില്‍ തന്റെ ദേശസ്‌നേഹം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് അദ്ദേഹം ഒരിക്കലും പിന്മാറിയിട്ടില്ല. അടുത്തിടെ പാകിസ്ഥാനെതിരായ മത്സരത്തില്‍ അദ്ദേഹത്തെ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിന് ഫുട്‌ബോള്‍ ടീമിനെ വിടാതിരിക്കാന്‍ തീരുമാനം ആദ്യം എടുത്തപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്റ്റിമാക് പ്രധാനമന്ത്രി മോദിക്ക് ഒരു തുറന്ന കത്ത് എഴുതി.

തന്റെ കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ പോലും, ‘സൈക്കോളജിക്കല്‍ പ്രൊഫൈലും സ്വഭാവവും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്’ എന്ന് സ്റ്റിമാക് പറഞ്ഞു. ” കളി, ഫുട്‌ബോള്‍ ലെവല്‍, അറിവ്, മറ്റ് കാര്യങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചിരുന്നു. 53 തവണ ക്രൊയേഷ്യയെ പ്രതിനിധീകരിച്ച സ്റ്റിമാക്കിന്റെ പ്രവര്‍ത്തനം ഫുട്‌ബോളില്‍ മാത്രമല്ല. മറ്റുമേഖലകളിലും ഭാഗ്യം പരീക്ഷിച്ചയാളാണ് സ്റ്റിമാക്ക്.

2000-ല്‍ അദ്ദേഹം ഫുട്‌ബോളിലെ ഒരു വാതുവെപ്പ് കമ്പനി ആരംഭിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം പാപ്പരായി. പിന്നീട് അദ്ദേഹം മറ്റൊരു സംരംഭമായ പോപ്പ് സംഗീതത്തില്‍ ഏര്‍പ്പെട്ടു. അതിന് മുമ്പ് ഒലിവ് ഓയില്‍ ഉല്‍പ്പാദനം, വൈന്‍ നിര്‍മ്മാണം എന്നിവ വരുന്ന കുടുംബ ബിസിനസില്‍ പങ്കാളിയായി.

2013 മെയ് മാസത്തില്‍, ക്രൊയേഷ്യന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്വവര്‍ഗ വിവാഹങ്ങള്‍ക്കെതിരെയും സ്വവര്‍ഗ ദമ്പതികള്‍ കുട്ടികളെ ദത്തെടുക്കുന്നതിനെതിരെയും ഒരു നിവേദനത്തില്‍ ഒപ്പുവച്ചിരുന്നു. ക്രൊയേഷ്യന്‍ കായികരംഗത്ത് അദ്ദേഹത്തെ ഒരു വിവാദ വ്യക്തിയാക്കിയ നിരവധി നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്.