Movie News

കമല്‍ഹാസന്‍ ഹിന്ദിയില്‍ അഭിനയിച്ചത് എന്തിനാണെന്ന് അറിയാമോ? മണിരത്‌നത്തെ ബോദ്ധ്യപ്പെടുത്താന്‍

ക്ലാസ്സിക് സിനിമകളായ ‘ചാച്ചി 420’ നും ‘ഏക് ദുജേ കേലിയേ’ യ്ക്കും പിന്നാലെ ഹിന്ദിസിനിമയില്‍ വീണ്ടും അഭിനയിക്കാമെന്ന് തീരുമാനം എടുത്തതിന് പിന്നില്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നതായി ഉലകനായകന്‍ കമല്‍ഹാസന്‍. ഈ മാസം 12 ന് പുറത്തുവരുന്ന ഇന്ത്യന്റെ രണ്ടാം ഭാഗം ഹിന്ദുസ്ഥാനി എന്ന പേരില്‍ ഹിന്ദിയില്‍ എത്തുന്നുണ്ട്. തനിക്ക് ഹിന്ദിയില്‍ വിപണിയുണ്ടെന്ന് വിഖ്യാത സംവിധായകന്‍ മണിരത്‌നത്തെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഹിന്ദിയിലേക്ക് വീണ്ടും ഇറങ്ങിയതെന്ന് താരം പറഞ്ഞു.

പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു, ”മണിരത്നത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്. തഗ് ലൈഫില്‍ ഞങ്ങള്‍ പാതിവഴിയിലാണ്, പക്ഷേ എനിക്ക് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, സിനിമ മറ്റൊരു ഭാഷയില്‍ കൂടി നിര്‍മ്മിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്ന ഒരു ഇരട്ട പരീക്ഷണത്തിന് സാഹചര്യമുണ്ടാകും. പക്ഷേ ഇക്കാര്യത്തില്‍ എനിക്ക് തനിച്ച് അന്തിമമായി അഭിപ്രായം പറയാനാകില്ല.” താരം പറഞ്ഞു.

”ടെലികമ്മ്യൂണിക്കേഷനും ഒടിടിക്കും നന്ദി, രാജ്യം ഒന്നായി മാറുകയാണ്. ഭാഷ ഇപ്പോള്‍ വലിയ പ്രശ്‌നമല്ല, സിനിമയ്ക്ക് അതിന്റേതായ ഭാഷയുണ്ട്. നിങ്ങള്‍ക്ക് സിനിമയെ 22 ഭാഗങ്ങളായി വിഭജിക്കാന്‍ കഴിയില്ല, എല്ലാം ഒരു ഭാഗമാണ്.” താരം പറഞ്ഞു. നായകന്‍ എന്ന ക്ലാസിക് ചിത്രത്തിന് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തഗ് ലൈഫ്. വരാനിരിക്കുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രം കമലും മണിരത്നവും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്, കൂടാതെ സിലംബരശന്‍, തൃഷ കൃഷ്ണന്‍, അഭിരാമി ഗോപികുമാര്‍, നാസര്‍, ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.